തിരുവനന്തപുരം : തലസ്ഥാനത്ത് 25 പേർക്ക് അക്രമാസക്തമായ തെരുവ് നായയുടെ കടിയേറ്റു. വിളവൂർക്കലിൽ വെച്ചാണ് പത്ത് വയസുള്ള വിദ്യാർത്ഥി അടക്കം 25 പേർക്ക് തെരുവ് നായയുടെ കടിയേറ്റത്. സമീപ പ്രദേശങ്ങളായ ഈഴക്കോട്, പെരികാവ് പഴവീട് , നാലാം കല്ല് എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ഒരേ നായ തന്നെയാണ് സമീപത്തെ പല സ്ഥലങ്ങളിൽ വച്ച് ആളുകളെ ആക്രമിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. എല്ലാവരും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.
അതിനിടെ തൃശ്ശൂർ പെരിഞ്ഞനത്തും തെരുവ് നായ ആക്രമണമുണ്ടായി. പെരിഞ്ഞനം സ്വദേശി സതീഷിൻ്റെ മകൻ അതുൽ കൃഷ്ണക്ക് നായയുടെ കടിയേറ്റു. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് സംഭവം. വീടിന് തൊട്ടടുത്ത പറമ്പിലൂടെ നടന്ന് വരുമ്പോൾ തെരുവ് നായ ഓടിക്കുകയായിരുന്നു. അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ കുട്ടിയെ നായ പിന്തുടർന്നാണ് കടിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി കുട്ടിയെ രക്ഷപ്പെടുത്തി. തുടയിൽ നാലിടത്ത് കടിയേറ്റിട്ടുണ്ട്. കുട്ടിയെ തൃശൂർ മെഡിക്കൽ കോളേജ് ആശുപ്രതിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഒരു ആടിനെയും തെരുവ് നായ കടിച്ചു കൊന്നിട്ടുണ്ട്. പ്രദേശത്ത് തെരുവ് നായ ശല്യം രൂക്ഷമാണ്.