കൊച്ചി: 25000കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍ പിടിയിലായ പാകിസ്ഥാൻ പൗരൻ, കാരിയറെന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ. പാകിസ്ഥാന്‍ സ്വദേശിയായ കള്ളക്കടത്തുകാരനുവേണ്ടിയാണ് മയക്കുമരുന്ന് കടത്തിയതെന്ന് പ്രതി സുബൈര്‍ മൊഴി നല്‍കി. മയക്കുമരുന്ന് കടത്തിന് വലിയ തുക സുബൈറിന് വാഗ്ദാനം ചെയ്തിരുന്നതായും റിമാന്‍റ് റിപ്പോര്‍ട്ടില്‍ എന്‍ സി ബി പറയുന്നു.
പുറം കടലില്‍ നിന്ന് പിടിച്ചെടുത്ത 25,000 കോടി രൂപയുടെ മയക്കുമരുന്ന് പാക്കിസ്ഥാനില്‍ നിന്നെത്തിച്ചതാണെന്ന് എന്‍ സി ബി യ്ക്ക് നേരത്തെതന്നെ വിവരം ലഭിച്ചിരുന്നു.132 ബാഗുകളാണ് ബോട്ടിലുണ്ടായിരുന്നത്.ഹാജി സലീം നെറ്റ് വർക്കിന്‍റെ ഇടനിലക്കാരൻ എന്ന സംശയിക്കുന്നയാളുടെ പേരു വിവരങ്ങള്‍ പ്രതിയായ സുബൈർ അന്വേഷണ സംഘത്തിന് കൈമാറിതായാണ് വിവരം. മയക്കുമരുന്ന് ഇന്ത്യയിലേക്കും,ശ്രീലങ്കയിലേക്കും എത്തിക്കുകയായിരുന്നു പദ്ധതിയെന്നും പ്രതി സുബൈർ മൊഴി നല്‍കിയിട്ടുണ്ട്.
ലക്ഷ്യദ്വീപ് ലക്ഷ്യമാക്കി വന്ന ബോട്ടാണ് പുറങ്കടലിൽ വച്ച് ഓപ്പറേഷൻ സമുദ്രഗുപ്തയുടെ വലയിലായത്.ദൗത്യത്തിനിടെ കടത്തുകാർ മുക്കിയ മദർഷിപ്പിൽ പിടിച്ചെടുത്തതിനെക്കാൾ കൂടുതൽ അളവിൽ മയക്കുമരുന്ന് ഉണ്ടെന്ന നിഗമനത്തിൽ തെരച്ചിൽ തുടരുകയാണ്. ജി പി എസ് സംവിധാനത്തിന്‍റെ സഹായത്തോടെ ഇവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് എന്‍ സി ബി. മദർഷിപ്പ് ഇന്ത്യൻ സമുദ്രാതിർത്തിയിലാണോ അന്താരാഷ്ട്ര കപ്പൽ ചാലിലാണോ മുക്കിയതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. റിമാന്‍ഡില്‍ കഴിയുന്ന പാക് പൗരനെ വിശദമായി ചോദ്യം ചെയ്യുന്നതിന് അടുത്ത ദിവസംതന്നെ കസ്റ്റഡിയില്‍ വാങ്ങാനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. അതേ സമയം മയക്കുമരുന്ന് കടത്തിലെ തീവ്രവാദ ബന്ധം പരിശോധിക്കാൻ എൻഐഎയും അന്വേഷണം തുടങ്ങിയിട്ടുണ്ട്.