കൊച്ചി: കൊച്ചി പുറംകടലില്‍ നിന്ന് പിടിച്ചെടുത്തത് 25,000 കോടിയുടെ ലഹരി മരുന്നുകള്‍. കണക്കെടുപ്പിനൊടുവിലാണ് ഇക്കാര്യം കണ്ടെത്തിയത്. കണക്കെടുപ്പ് 23 മണിക്കൂര്‍ നീണ്ടു നിന്നു. 2525 കിലോ മെത്താഫെംറ്റമിനാണ് പിടിച്ചെടുത്തത്. ഇവയ്ക്ക് 25,000 കോടി രൂപ വരുമെന്നാണ് കണക്ക്. പിടികൂടിയ മയക്കുമരുന്നിന് പിന്നില്‍ പാകിസ്ഥാനിലെ ഹാജി സലിം ഗ്രൂപ്പിന് പങ്കുണ്ടെന്ന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ നേരത്തെ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ദിവസമാണ് കൊച്ചി പുറംകടലില്‍ കപ്പലില്‍ കടത്തുകയായിരുന്ന 2500 കിലോ മെത്താംഫെറ്റമിന്‍ മയക്കുമരുന്ന് എന്‍സിബിയും നാവികസേനയും ചേര്‍ന്ന് പിടിച്ചെടുത്തത്. നാവികസേനയും എന്‍സിബിയും പിന്തുടരുന്ന വിവരം മനസിലാക്കിയ ലഹരിക്കടത്തുകാര്‍ ലഹരിമരുന്ന് സൂക്ഷിച്ചിരുന്ന കപ്പല്‍ മുക്കാന്‍ ശ്രമിച്ചതായാണു വിവരം. കപ്പല്‍ മുക്കിയശേഷം ഇതിലുണ്ടായിരുന്നവര്‍ ബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്നാണ് പാക്കിസ്ഥാന്‍ സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.