ആതെൻസ്: ഗ്രീസിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിമുട്ടി 26 പേർ കൊല്ലപ്പെട്ടു. 85 പേർക്ക് പരിക്കേറ്റതായും അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെയാണ് സംഭവം. ആതൻസിൽ നിന്നും തെസലോൻസ്കിയിലേക്ക് പോകുന്ന യാത്രാവണ്ടിയും ലാരിസയിലേക്ക് പോവുകയായിരുന്ന ചരക്കുവണ്ടിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഭീകരമായ അപകടമാണ് ഉണ്ടായതെന്ന് ഗവർണർ പറഞ്ഞു. ട്രെയിനുകൾ തമ്മിലുള്ള ഇടിയുടെ ആഘാതത്തിൽ നാലു ബോഗികൾ പാളം തെറ്റുകയായിരുന്നു. ആദ്യത്തെ രണ്ട് ബോഗികളും തീകത്തി നശിച്ചു. 250 യാത്രക്കാരെ രക്ഷിച്ചുവെന്ന് സുരക്ഷാസേന അറിയിച്ചു. 350 യാത്രക്കാരാണ് ട്രെയിനിൽ ഉണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്ന് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട യാത്രക്കാരൻ പറഞ്ഞു. യാത്രക്കാരുടെ നിലവിളികേട്ടാണ് ഓടിയെത്തിയതെന്ന് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനത്തിനെത്തിയ യുവാവ് പറഞ്ഞു. രക്ഷാപ്രവർത്തനം കഠിനമായിരുന്നുവെന്നും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയവർ പറയുന്നു.
അതേസമയം, ട്രെയിൻ അപകടങ്ങൾ കൂടി വരികയാണ്. പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടിയും ട്രെയിനിൽ നിന്നിറങ്ങുമ്പോൾ വീണും നിരവധി അപകടങ്ങളാണ് ഉണ്ടാവുന്നത്. കഴിഞ്ഞ ദിവസം തമിഴ്നാട്ടിൽ ട്രെയിൻ തട്ടി മലയാളി വിദ്യാർഥിനി മരിച്ചിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ സൈക്കോളജി വിദ്യാർഥിനിയായ നിഖിത ( 19) ആണ് മരണപ്പെട്ടത്. കൊല്ലം സ്വദേശിനിയായ നിഖിത, താംബരം എം സി സി കോളജിലാണ് പഠിച്ചിരുന്നത്. താംബരത്തെ സ്വകാര്യ കോളേജിലെ ഒന്നാം വർഷ ബി എസ് സി സൈക്കോളജി വിദ്യാർഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു താമസം.
ഇതിനടുത്തായി ഒരു സ്വകാര്യ നഴ്‌സറി സ്‌കൂളിൽ പാർട്ട് ടൈം ടീച്ചറായി നികിതയ്ക്ക് ജോലി ലഭിച്ചിരുന്നു. ജോലിക്ക് പോകാനായി ഇറങ്ങിയ നിഖിത ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു അപകടമുണ്ടായത്. ട്രാക്ക് മുറിച്ച് കടക്കവെ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതാണ് അപകടത്തിന് കാരണമായതെന്നാണ് വിവരം.