ഗ്രേറ്റർ നോയിഡ: കാറിൽ സിഎൻജി നിറയ്ക്കാനുള്ള ക്യൂ തെറ്റിച്ചതിന് പിന്നാലെയുണ്ടായ തർക്കത്തിൽ 26 കാരനെ തല്ലിക്കൊന്നു. ഗ്രേറ്റർ നോയിഡയിലെ ഇക്കോടെക്ക് 3 എന്ന സിഎൻജി റീ ഫില്ലിംഗ് കേന്ദ്രത്തിൽ തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. തിങ്കളാഴ്ച രാതി പത്തരയോടെ അമൻ കാസാന എന്ന യുവാവ് ബന്ധുവും 22കാരനുമായ അഭിഷേകിനൊപ്പം തന്റെ കാറിൽ ഇന്ധനം നിറയ്ക്കാനെത്തിയ്. ഖേദ ചൌഗ്നാപുർ ഗ്രാമത്തിവെ സിഎൻജി സ്റ്റേഷനിലായിരുന്നു യുവാവ് എത്തിയത്.
വാഹനവുമായി ക്യൂ നിൽക്കുന്നതിനിടെ അമൻ മറ്റൊരു യുവാവുമായി ക്യൂവിനെ ചൊല്ലി തർക്കിച്ചിരുന്നു. അജു പണ്ഡിറ്റ് എന്നറിയപ്പെടുന്ന 20കാരൻ അജയ് ശർമ്മയുമായാണ് തർക്കമുണ്ടായത്. ഖൈർപൂർ ഗുർജാർ ഗ്രാമവാസിയാണ് അജു പണ്ഡിറ്റ്. തർക്കത്തിന് പിന്നാലെ അമൻ ഇന്ധനം നിറച്ച് പോകാൻ ഒരുങ്ങിയ സമയത്ത് അജു പണ്ഡിറ്റ് ഫോണിൽ വിളിച്ചതിനേ തുടർന്ന് മറ്റ് രണ്ട് യുവാക്കൾ സിഎൻജി ഫില്ലിംഗ് സ്റ്റേഷനിലെത്തുകയായിരുന്നു. 21കാരനായ അങ്കുഷ് ശർമയയും 20കാരനായ റിഷഭ് ഭാട്ടിയയുമായിരുന്നു ഇത്. ഇവർ മൂന്ന് പേരും ചേർന്ന് അമന്റെ കാർ തടയുകയായിരുന്നു. അമനെ കാറിൽ നിന്ന് വലിച്ചിറക്കിയ സംഘം യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുളവടികൾ ഉപയോഗിച്ച് സംഘം 26കാരനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. തലയ്ക്കടിയേറ്റ് യുവാവ് ബോധം കെട്ട് വീണതിന് പിന്നാലെയാണ് സംഘം മർദ്ദിക്കുന്നത് അവസാനിപ്പിച്ച് സ്ഥലത്ത് നിന്ന് മുങ്ങിയത്. അമന്റെ ബന്ധു യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ ബന്ധുക്കളുടെ പരാതിയിൽ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ അക്രമികളെ അറസ്റ്റ് ചെയ്തു. കൊലപാതകം , അനധികൃതമായി തടഞ്ഞു വയ്ക്കൽ, ഗൂഡാലോചന എന്നിവ അടക്കമുള്ള കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തിട്ടുള്ളത്.