ചെന്നൈ: തമിഴ്നാട്ടിൽ നിന്നുള്ള ഡിഎംകെ മുൻ എംപി ഡി മസ്താന്‍റെ കൊലപാതകത്തിൽ സഹോദരപുത്രി ഹരിത ഷഹീനയെ പൊലീസ് അറസ്റ്റ് ചെയ്തു. മസ്താന്‍റെ ഇളയ സഹോദരൻ ഗൗസ് പാഷയുടെ മകളാണ് ഷഹീന. കേസിലെ മുഖ്യ പ്രതിയാണ് ഗൗസ് പാഷ. ഇയാൾ നേരത്തേ അറസ്റ്റിലായിരുന്നു.
തമിഴ്നാട് ന്യൂനപക്ഷ കമ്മിഷൻ ചെയർമാൻ കൂടി ആയിരുന്ന ഡിഎംകെയുടെ മുൻ എംപി ഡി മസ്താൻ കഴിഞ്ഞ ഡിസംബർ 21 ആണ് കൊല്ലപ്പെടുന്നത്. ചെന്നൈയില്‍ നിന്നും തിരുച്ചിറപ്പള്ളിയിലേക്കുള്ള യാത്രക്കിടെ ഹൃദയസ്തംഭനം ഉണ്ടാവുകയും തുടർന്ന് മരിക്കുകയുമായിരുന്നു എന്നാണ് ആദ്യം പുറത്തുവന്ന വാർത്ത. അന്ന് വാഹനം ഓടിച്ചിരുന്ന ബന്ധുവായ ഇമ്രാൻ പാഷയാണ് മസ്താനെ മരിച്ച നിലയിൽ ആശുപത്രിയിൽ എത്തിച്ചത്.
മൃതദേഹത്തിലെ പരിക്കുകൾ കണ്ട് സംശയം തോന്നിയ മസ്താന്റെ മകന്റെ പരാതിയുടെ അടിസ്ഥാനത്തിൽനടന്ന പൊലീസ് അന്വേഷണത്തിലാണ് കൊലപാതകം വെളിപ്പെട്ടത്. സഹോദരനായ ഗൗസ് പാഷയും മരുമകൻ ഇമ്രാനും ചേർന്ന് മസ്താനെ കൊല്ലുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയത്. ഇമ്രാൻ മസ്താനിൽനിന്ന് 15 ലക്ഷം കടം വാങ്ങിയിരുന്നു ഇത് തിരികെ ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വാഹനത്തിനുള്ളിൽ വെച്ച് മസ്താനെ ശ്വാസം മുട്ടിച്ച് കൊന്നശേഷം ഹൃദയസ്തംഭനം ഉണ്ടായെന്നമട്ടിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഗൗസ് പാഷയേയും ഇമ്രാനേയും ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതകത്തിന്‍റെ ആസൂത്രണത്തിൽ ഹരിത ഷഹീനയ്ക്കും പങ്കുണ്ടെന്ന് തെളിഞ്ഞുവെന്ന് പൊലീസ് പറഞ്ഞു. കേസിൽ ഇതുവരെ ആറു പേർ അറസ്റ്റിലായി.
ഗുഡുവഞ്ചേരി പൊലീസ് ദുരൂഹ മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. മസ്താന്റെ കാർ ഡ്രൈവർ, ഇളയ സഹോദരൻ ഇമ്രാൻ പാഷ, രണ്ടാനച്ഛൻ തമീം എന്ന സുൽത്താൻ, സുഹൃത്തുക്കളായ തൗഫീഖ് അഹമ്മദ്, നസീർ, ലോകേശ്വരൻ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.