ടെൽ അവീവ്: ഗാസയിൽ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേൽ. 24 മണിക്കൂറിനിടെ 266 പേരാണ് കൊല്ലപ്പെട്ടത്. മരിച്ചവരിൽ 117 പേരും കുട്ടികളാണ്. വടക്കൻ ഗാസയിൽ തുടരുന്നവരെ ഹമാസിന്റെ ഭാഗമായി കണക്കാകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, ഐക്യരാഷ്ട്രസഭയിൽ അമേരിക്ക അവതരിപ്പിക്കുന്ന ഇസ്രയേൽ അനുകൂല പ്രമേയം വീറ്റോ ചെയ്യാനൊരുങ്ങുകയാണ് റഷ്യയും ചൈനയും.
വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിക്കുന്നതിനിടയിലും ബോബാക്രമണം തുടരുകയാണ് ഇസ്രയേൽ. ആളുകോളോട് മാറാൻ പറഞ്ഞ തെക്കൻ ഗാസയിലും വ്യാപക മിസൈലാക്രമണമാണ് നടന്നത്. സൈനിക നടപടി തുടർന്നിരുന്ന വെസ്റ്റ് ബാങ്കിലും ഇസ്രയേൽ ഇന്ന് വ്യോമാക്രമണം നടത്തി. വെസ്റ്റ് ബാങ്കിൽ മാത്രം 90 പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് പേർ ഇസ്രയേലിന്റെ കസ്റ്റഡിയിലാണ്. വെസ്റ്റ്ബാങ്കിലെ പള്ളിയിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഈ പള്ളി അഭയാർത്ഥികൾ തങ്ങിയിരുന്നതാണെന്ന് പലസ്തീൻ പറയുന്നു. എന്നാൽ ഇവിടെ ഭൂഗർഭ അറകളിൽ ഒളിച്ചിരുന്ന അക്രമികളെയാണ് ലക്ഷ്യമിട്ടതെന്ന് ഇസ്രയേൽ വാദിക്കുന്നു.
ലെബനോൻ അതിർത്തിയിൽ ഇസ്രയേലിന്റെ ആളില്ലാ വിമാനത്തിന് നേരെ ഹിസ്ബുല്ല മിസൈൽ തൊടുത്തു. മറുപടിയായി ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തി. ഇതുവരെ 17 ഹിസ്ബുല്ല അംഗങ്ങൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നിബന്ധനകളോടെ ഇന്നലെ തുറന്ന റഫ അതിർത്തിയിലൂടെ പോകുന്ന ഓരോ ട്രക്കും പരിശോധിക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കി. ട്രക്കുകളിൽ ഇന്ധനം കൊണ്ടുപോകാൻ അനുവദിക്കില്ല.
അതിനിടെ, ബന്ദികളായ രണ്ട് ഇസ്രയേൽ പൗരന്മാരെ മോചിപ്പിക്കാൻ തയാറാണെന്ന് തങ്ങൾ അറിയിച്ചിട്ടും ഇസ്രയേൽ സഹകരിച്ചില്ലെന്നും ഹമാസ് വക്താവ് പറഞ്ഞു. എന്നാൽ ഹമാസ് നടത്തുന്നത് കുപ്രചരണം ആണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രതികരിച്ചു. ഐക്യ രാഷ്ട്രസഭയിൽ അമേരിക്ക് അവതരിപ്പിക്കുന്ന ഇസ്രയേൽ അനുകൂല പ്രമേയം വീറ്റോ ചെയ്യുമെന്ന് റഷ്യയും ചൈനയും സൂചന നൽകി. ബ്രസീൽ അവതരിപ്പിച്ച പ്രമേയം നേരത്തെ അമേരിക്ക വീറ്റോ ചെയ്തിരുന്നു.