മാവേലിക്കര: കൊലപാതകക്കേസിൽ ഹൈകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതോടെ ഒളിവിൽ പോയ സ്ത്രീ 27 വർഷത്തിനുശേഷം പിടിയിൽ. മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട കേസിലാണ് വളർത്തുമകളായ അറുന്നൂറ്റിമംഗലം ബിജു ഭവനത്തിൽ (പുത്തൻവേലിൽ ഹൗസ്) റെജി എന്ന അച്ചാമ്മ തങ്കച്ചൻ (51) പിടിയിലായത്. എറണാകുളം ജില്ലയിലെ പല്ലാരിമംഗലം പഞ്ചായത്തിൽ അടിവാട് പ്രദേശത്ത് മിനി രാജു എന്ന വ്യാജപേരിൽ താമസിച്ചുവരുകയായിരുന്നു. മാവേലിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്.
1990 ഫെബ്രുവരി 21നാണ് മറിയാമ്മയെ വീട്ടിൽ വെട്ടും കുത്തുമേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി, ചെവി അറുത്തുമാറ്റിയാണ് കമ്മൽ ഊരിയെടുത്തത്. അന്വേഷണത്തിൽ റെജി അറസ്റ്റിലായി.
കൊല നടക്കുമ്പോൾ പ്രതിക്ക് 18 വയസ്സായിരുന്നു പ്രായം. 1993ൽ സംശയത്തിന്റെ ആനുകൂല്യം നൽകി മാവേലിക്കര അഡീഷനൽ ജില്ല സെഷൻസ് കോടതി പ്രതിയെ വെറുതെ വിട്ടു. പ്രോസിക്യൂഷൻ നൽകിയ അപ്പീലിൽ 1996 സെപ്റ്റംബർ 11ന് ഹൈകോടതി ജീവപര്യന്തം ശിക്ഷിച്ചു. വിധിവന്ന് മണിക്കൂറുകൾക്കുള്ളിൽ ഇവർ ഒളിവിൽ പോയി. വർഷങ്ങളായി റെജിക്കായി പൊലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്ര എന്നിവിടങ്ങളിലും കേരളത്തിനകത്തും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല.
കൊലപാതകം നടന്ന് 33 വർഷവും ശിക്ഷവിധിച്ചിട്ട് 27 വർഷവുമായ കേസിൽ പഴയ പത്ര കട്ടിങ്ങിൽനിന്ന് ലഭിച്ച ഫോട്ടോയും കേസിൽ എഴുതപ്പെട്ട വിലാസവും അല്ലാതെ മറ്റൊരു സൂചനയും ഇല്ലായിരുന്നു.
മാവേലിക്കര സെഷൻസ് കോടതി വീണ്ടും വാറന്റ് പുറപ്പെടുവിച്ചതോടെയാണ് അന്വേഷണം ശക്തമാക്കിയത്. സെഷൻസ് കോടതി വെറുതെ വിട്ടതോടെ കോട്ടയം ജില്ലയിലെ അയ്മനത്തും ചുങ്കത്തും മിനി എന്ന പേരിൽ വീട്ടുജോലിക്ക് നിന്നിരുന്നു.
ഇവിടെ വെച്ച് കെട്ടിട നിർമാണ തൊഴിലാളിയായ തമിഴ്നാട് സ്വദേശിയെ വിവാഹം കഴിച്ചതായി പൊലീസിന് വിവരം ലഭിച്ചു. തുടർന്നുള്ള അന്വേഷണത്തിലാണ് പല്ലാരിമംഗലം അടിവാട് താമസിക്കുന്നതായി കണ്ടെത്തിയത്. മിനി രാജു എന്ന പേരിൽ അഞ്ചു വർഷമായി അടിവാട് തുണിക്കടയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തിങ്കളാഴ്ച മാവേലിക്കര അഡീഷനൽ ഡിസ്ട്രിക്റ്റ് സെഷൻസ് കോടതി രണ്ടിൽ ഹാജരാക്കും.
മാവേലിക്കര പൊലീസ് ഇൻസ്പെക്ടർ സി. ശ്രീജിത്, എസ്.ഐ സി. പ്രഹ്ലാദൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബിജു മുഹമ്മദ്, എൻ.എസ്. സുഭാഷ്, സജുമോൾ, ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ, സി.പി.ഒ ബിന്ദു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.