ഭുവനേശ്വർ: ഒഡീഷ ട്രെയിൻ ദുരന്തമുണ്ടായി നാലു മാസങ്ങൾക്കുശേഷം ഇതുവരെ തിരിച്ചറിയാനാകത്ത മൃതദേഹങ്ങൾ സംസ്കരിക്കാൻ തീരുമാനം. അവകാശികളെ കണ്ടെത്താനാകാത്ത 28 മൃതദേഹങ്ങൾ സംസ്കരിക്കാനുള്ള നടപടികൾ ഭുവനേശ്വർ മുനിസിപ്പൽ കോർപറേഷൻ ആരംഭിച്ചു.ഭുവനേശ്വർ എയിംസിലാണ് മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. ഡി.എൻ.എ പരിശോധന നടത്തി ഒടുവിൽ 53 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ബാക്കിയായ 28 പേരുടെ മൃതദേഹങ്ങളാണ് ഇപ്പോൾ സംസ്കരിക്കാൻ ഒരുങ്ങുന്നത്.സി.ബി.ഐ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ നാളെ സംസ്കാരത്തിനായി കൈമാറും. സത്യനഗറിലും ഭരത്പൂരിലും വെച്ച് സംസ്കരിക്കാനാണ് തീരുമാനം. നടപടികളെല്ലാം വീഡിയോയിൽ ചിത്രീകരിക്കും.
ജൂൺ രണ്ടിനായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തം. ബാഹനഗ ബസാർ റെയിൽവേ സ്റ്റേഷന് സമീപം കൊറാമണ്ഡൽ-ചെന്നൈ എക്സ്പ്രസ്, യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ചരക്ക് ട്രെയിൻ എന്നിവ കൂട്ടിയിടിക്കുകയായിരുന്നു. കൊറാമണ്ഡൽ-ചെന്നൈ എക്സ്പ്രസ് ഗുഡ്സ് ട്രെയിനിൽ ഇടിക്കുകയും പാളം തെറ്റിയ കോച്ചുകളിലേക്ക് യശ്വന്ത്പൂർ-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറുകയുമായിരുന്നു.