ദില്ലി: വടക്കൻ, പടിഞ്ഞാറൻ അതിർത്തികളിലെ സായുധ സേനയുടെ മൊത്തത്തിലുള്ള പോരാട്ട വീര്യം വർദ്ധിപ്പിക്കുന്നതിനായി 28,732 കോടി രൂപയുടെ സൈനിക ഉപകരണങ്ങളും ആയുധങ്ങളും വാങ്ങാൻ അംഗീകാരം നൽകി പ്രതിരോധ മന്ത്രാലയം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡിഎസി) ആണ് നിർദ്ദേശങ്ങൾ അംഗീകരിച്ചത്.
കിഴക്കൻ ലഡാക്കിൽ ചൈനയുമായുള്ള ഇന്ത്യയുടെ അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ആയുധങ്ങൾ വാങ്ങാനുള്ള നിർദ്ദേശങ്ങൾക്ക് അംഗീകാരം ലഭിച്ചത്. രാജ്യത്തെ ചെറുകിട ആയുധ നിർമ്മാണ വ്യവസായത്തിന് ഉത്തേജനം നൽകുന്നതിനും ചെറുകിട ആയുധ നിർമ്മാതാക്കളിൽ സ്വാശ്രയത്വം വർദ്ധിപ്പിക്കുന്നതിനുമാണ് തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.അതിർത്തിയിൽ വിന്യസിച്ചിരിക്കുന്ന സൈനികർക്ക് ശതുക്കളിൽ നിന്നുള്ള ഭീഷണിയെ ചെറുക്കൻ മെച്ചപ്പെട്ട ആയുധങ്ങളും സംരക്ഷണ കവചങ്ങളും ഉണ്ടാകണം എന്ന ആവശ്യം പരിഗണിച്ച് ഇന്ത്യൻ സ്റ്റാൻഡേർഡ് BIS VI നിലവാരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾക്കായി ഫണ്ട് അനുവദിച്ചു.
കൂടാതെ, സായുധ സ്വോം ഡ്രോണുകൾ വാങ്ങാനും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി. സൈനിക പ്രവർത്തനങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ ശക്തി വർദ്ധിപ്പിക്കുമെന്ന് തെളിഞ്ഞതിനാലാണ് സായുധ സ്വോം ഡ്രോണുകൾ വാങ്ങുന്നതെന്ന് മന്ത്രാലയം അറിയിച്ചു. ലോകത്തുണ്ടായ സമീപകാല സംഘർഷങ്ങളിൽ, സൈനിക പ്രവർത്തനങ്ങളിൽ ഡ്രോൺ സാങ്കേതികവിദ്യ വളരെ അധികം പ്രയോജനപ്പെടുത്താമെന്ന് തെളിഞ്ഞതിനാലാണ് പുതിയ നടപടി. വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനായി നവീകരിച്ച 1,250-KW ശേഷിയുള്ള മറൈൻ ഗ്യാസ് ടർബൈൻ ജനറേറ്റർ വാങ്ങാനുള്ള നാവികസേനയുടെ നിർദ്ദേശവും ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അംഗീകരിച്ചു. ഗ്യാസ് ടർബൈൻ ജനറേറ്ററുകളുടെ തദ്ദേശീയ നിർമ്മാണത്തിന് ഇത് വലിയ ഉത്തേജനം നൽകുമെന്ന് മന്ത്രാലയം അറിയിച്ചു.