ദില്ലി: രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്കിൽ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം മുന്നിൽ. ഏറ്റവും പുതിയ പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം 29.9 ശതമാനമാണ് കേരളത്തിൽ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക്. 2023 ജൂലായ്-ജൂൺ 2024 സമയത്തെ റിപ്പോർട്ടാണ് സർവേയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 15-29 പ്രായത്തിലുള്ള കേരളത്തിലെ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനമാണെന്നും സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ 47.1 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു. പുരുഷന്മാരിൽ 19.3% മാണ് തൊഴിലില്ലായ്മ നിരക്ക്. മധ്യപ്രദേശിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ യുവജന തൊഴിലില്ലായ്മ നിരക്ക്. തൊട്ടുപിന്നിൽ ഗുജറാത്ത്.
ദേശീയതലത്തിൽ, യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് 10.2% ആയി തുടരുന്നു. പുരുഷൻമാരിൽ 9.8 ശതമാനവും സ്ത്രീകളിൽ 11 ശതമാനവുമാണ് തൊഴിലില്ലായ്മ നിരക്ക്. ദേശീയതലത്തിൽ 10.2 ശതമാനമാണ് യുവാക്കളിലെ തൊഴിലില്ലായ്മ. കേരളത്തിന് പുറമെ, ലക്ഷദ്വീപ് (36.2%), ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ (33.6%), നാഗാലാൻഡ്, മണിപ്പൂർ, അരുണാചൽ പ്രദേശ് തുടങ്ങിയ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും തൊഴിലില്ലായ്മ നിരക്കിൽ മുന്നിലാണ്. നഗരപ്രദേശങ്ങളിലാണ് കൂടുതൽ തൊഴിലില്ലായ്മ(14.7%), ഗ്രാമപ്രദേശങ്ങളിൽ 8.5% ആണ് നിരക്ക്. കേരളത്തിലെ 15-29 വയസ് പ്രായമുള്ള 31.28% വിദ്യാസമ്പന്നരായ പുരുഷന്മാരും തൊഴിൽരഹിതരായി തുടരുന്നു.
ദേശീയ ശരാശരിയായ 20.28% നേക്കാൾ വളരെ കൂടുതലാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, 2017 മുതല്‍ കേരളത്തിലെ മൊത്തം തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുന്നതായും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നുണ്ട്. 2017-18 വര്‍ഷത്തില്‍ 11.4 ശതമാനമായിരുന്ന നിരക്ക് ഇപ്പോള്‍ 7.2ലെത്തി. സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഗോവ (8.5 ശതമാനം)യുടെ പിന്നില്‍ രണ്ടാമതാണ് കേരളം. നാഗാലാന്റ് (7.1 ശതമാനം), മേഘാലയ (6.2 ശതമാനം) എന്നീ സംസ്ഥാനങ്ങളും കേരളത്തിന് തൊട്ടുപിന്നിലുണ്ട്.