ഡൽഹി: ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്‍റെ വീട്ടിലെ ഇ.ഡി റെയ്ഡിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. 2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബി.ജെ.പിക്കറിയാമെന്ന് കെജ്രിവാൾ പറഞ്ഞു.”സഞ്ജയ് സിങ്ങിന്‍റെ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താൻ പോകുന്നില്ല. 2024ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ബി.ജെ.പിക്കറിയാം. അവരുടെ നിരാശരാജനകമായ പരിശ്രമമാണിതൊക്കെ. തെരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണ് ഇ.ഡിയും സി.ബി.ഐയുമൊക്കെ കൂടുതൽ പ്രവർത്തനക്ഷമമാകും” – അരവിന്ദ് കെജ്രിവാൾ പറഞ്ഞു.
മോദിക്കും അദാനിക്കുമെതിരെ നിരന്തരം ചോദ്യങ്ങൾ ചോദിക്കുന്നതിനാലാണ് സഞ്ജയ് സിങ്ങിന്‍റെ വീട്ടിൽ ഇ.ഡി റെയ്ഡ് നടത്തിയതെന്ന് ആം ആദ്മി പാർട്ടി വക്താവ് റീന ഗുപ്ത പറഞ്ഞിരുന്നു.നേരത്തെ ധനകാര്യ സെക്രട്ടറി ടി.വി സോമനാഥിന് അയച്ച കത്തിൽ ഇ.ഡി ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും യാതൊരു അടിസ്ഥാനവുമില്ലാതെ തന്നെ അപകീർത്തിപ്പെടുത്താനായി ആരോപണങ്ങൾ ഉന്നയിക്കുന്നതായി സഞ്ജയ് സിങ്ങും വ്യക്തമാക്കിയിരുന്നു.
അതേസമയം സഞ്ജയ് സിങ്ങിനെതിരായ ഇ.ഡി അന്വേഷണത്തിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ബോർഡുകളുമായി ബി.ജെ.പി രംഗത്തെത്തി. വരും ദിവസങ്ങളിൽ എ.എ.പി ആസ്ഥാനത്തിന് പുറത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.