തൃശൂർ: തൃശൂരില്‍ രണ്ടാം ക്ലാസുകാരൻ ട്രെയിൻ തട്ടി മരിച്ചു. ആറ്റൂർ സ്വദേശി റിസ്വാൻ ആണ് മരിച്ചത്. ഏഴ് വയസായിരുന്നു. മദ്രസയിൽ നിന്ന് മടങ്ങുന്നതിനിടെ ട്രാക്ക് കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.
തൃശ്ശൂർ പോട്ടോരിൽ കഴിഞ്ഞ ദിവസം ട്രാക്ക് പരിശോധിക്കുന്നതിനിടെ കീമാൻ ട്രെയിൻ തട്ടി മരിച്ചുിരുന്നു. പ്രമോദ് കുമാർ ആണ് മരിച്ചത്. വടക്കാഞ്ചേരി പൂങ്കുന്നം റെയില്‍വേ സ്റ്റേഷന് ഇടയിലെ സ്ഥലത്ത് ആണ് അപകടം. പരിശോധന നടത്തിക്കൊണ്ടിരുന്ന ട്രാക്കിലൂടെ ട്രെയിൻ വരുന്നത് കണ്ട് അടുത്ത ട്രാക്കിലേക്ക് മാറി നിൽക്കുകയായിരുന്നു. എന്നാല്‍ രണ്ടാമത്തെ ട്രാക്കിലൂടെ വരികയായിരുന്ന മെമു ട്രെയിൻ പ്രമോദിനെ ഇടിക്കുകായിരുന്നു. പരിക്കേറ്റ പ്രമോദിന ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴിഞ്ഞ ദിവസം, കണ്ണൂരിലും സമാനമായ അപകടം നടന്നിരുന്നു. വിവാഹ വീട്ടില്‍ പോയി മടങ്ങുകയായിരുന്ന സഹോദരിമാരിൽ ഒരാൾ ട്രെയിൻ തട്ടി മരിക്കുകയായിരുന്നു. ചെറുകുന്ന് പുന്നച്ചേരിയിൽ ട്രെയിൻ തട്ടി പ്രഭാവതി (60) എന്ന സ്ത്രീയാണ് മരിച്ചത്. പുന്നച്ചേരി സ്വദേശിനിയാണ് കൂലോത്ത് വളപ്പിൽ പ്രഭാവതി. ഇവർക്കൊപ്പമുണ്ടായിരുന്ന സഹോദരി പ്രവിതയെയും ട്രെയിൻ തട്ടിയിരുന്നു. പരിക്കേറ്റ പ്രവിതയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം തെലങ്കാനയിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത ട്രെയിൻ ചീറിപ്പാഞ്ഞ് വരുമ്പോൾ റെയിൽവേ ട്രാക്കിലൂടെ നടന്ന് ഇൻസ്റ്റാഗ്രാം റീൽ എടുക്കാൻ നോക്കിയ പതിനേഴുകാരനെ ട്രെയിൻ ഇടിച്ചുതെറിപ്പിച്ചു എന്നതാണ്. തെലങ്കാനയിലെ കാസിപേട്ടിലാണ് പതിനേഴുകാരൻ അക്ഷയ് രാജ് കൂട്ടുകാർക്കൊപ്പം റീൽസ് എടുക്കാനായി ചീറിപ്പാഞ്ഞ ട്രെയിനും റെയിൽവേ ട്രാക്കും തെരഞ്ഞെടുത്തത്. ഞായറാഴ്ചയായിരുന്നു സംഭവം നടന്നത്. ട്രെയിൻ അതിവേഗത്തിൽ വരുമ്പോൾ അതിന് മുന്നിലൂടെ നടക്കുന്നത് വീഡിയോ ആക്കാനായിരുന്നു ഇയാൾ ശ്രമിച്ചത്. എന്നാൽ തിരിഞ്ഞു നടന്നതിനാൽ ട്രെയിനിന്‍റെ വരവ് കാണാനായില്ല. ട്രാക്കിലേക്ക് അറിയാതെ കേറിയ അക്ഷയ് രാജിനെ അതിവേഗത്തിലെത്തിയ ട്രെയിൻ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ ഈ വീഡിയോ പിന്നീട് പുറത്തുവിടുകയും ചെയ്തു.