തിരുവനന്തപുരം > കേന്ദ്ര വനംമന്ത്രി ഭുപേന്ദർ യാദവിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യം മാത്രമാണെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ടുള്ള നഷ്‌ടപരിഹാര തുക കേന്ദ്ര സർക്കാരാണ് നൽകുന്നതെന്നും ഇതിനായി ക്യാമ്പ (കോമ്പൻസേറ്ററി അഫോറസ്‌റ്റേഷൻ ഫണ്ട് ) ഫണ്ടിൽ നിന്നും പണം അനുവദിച്ചെന്നുമാണ് കേന്ദ്രമന്ത്രിയുടെ അവകാശവാദം
2016-ലെ കോമ്പൻസേറ്ററി അഫോറസ്‌റ്റേഷൻ ഫണ്ട് നിയമ പ്രകാരം വനവൽകരണത്തിന് മാത്രമേ ഈ പണം ഉപയോഗിക്കാനാകൂ. ആക്‌ടിലെയും ചട്ടങ്ങളിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായി വന്യജീവി ആക്രമണത്തിന് വിധേയരായവർക്ക് നഷ്‌ടപരിഹാരം നൽകാൻ സംസ്ഥാനം ഫണ്ട് അനുവദിച്ചു എന്ന കേന്ദ്രമന്ത്രിയുടെ പ്രസ്‌താവനയും അടിസ്ഥാന രഹിതമാണ്. വിവിധ ആവശ്യങ്ങൾക്കായി നഷ്‌ടപരിഹാരം ഉൾപ്പെടെ 15.8 കോടി രൂപ സംസ്ഥാന സർക്കാരിന് അനുവദിച്ചെന്നതാണ് മറ്റൊരു അവകാശവാദം. എന്നാൽ പ്രോജക്റ്റ് എലിഫന്റ്, പ്രോജക്റ്റ് ടൈഗർ, ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് ഫോർ വൈൽഡ് ലൈഫ് ഹാബിറ്റേറ്റ് തുടങ്ങിയ എട്ട് പദ്ധതികളിലായി 12.73 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. ഇതിൽ വെറും 80 ലക്ഷം രൂപ മാത്രമാണ് നഷ്‌ടപരിഹാരത്തിനായി കേന്ദ്രം നൽകിയത്. വയനാട് ജില്ലയ്ക്കായി കേന്ദ്ര വിഹിതത്തിൽ നിന്ന് ലഭ്യമാക്കിയത് 7.20 ലക്ഷം രൂപ മാത്രമാണ്. സംസ്ഥാന സർക്കാർ നഷ്‌ടപരിഹാരം നൽകുന്നതിനായി കഴിഞ്ഞ വർഷം അനുവദിച്ചത് 22.33 കോടി രൂപയാണ്. ഫെബ്രുവരിയിൽ 13 കോടി രൂപ കൂടി അധികമായി സംസ്ഥാന സർക്കാർ നൽകി. ഫണ്ട് അനുവദിക്കാൻ സംസ്ഥാനം പ്രോജക്റ്റുകൾ തയ്യാറാക്കിയില്ലെന്നതും കളവാണ്.
സംസ്ഥാന സർക്കാർ മനുഷ്യ-വന്യജീവി സംഘർഷം കൈകാര്യം ചെയ്യുന്നതിനായി 620 കോടി രൂപയുടെ ഒ പദ്ധതി തയ്യാറാക്കി കേന്ദ്ര സർക്കാരിന് 2022 നവംബറിൽ സമർപ്പിച്ചിരുന്നു. ഈ പദ്ധതിക്ക് തുക അനുവദിക്കാനാകില്ലെന്ന് കാട്ടി 2023 ജനുവരിയിൽ കേന്ദ്ര വനം മന്ത്രി മറുപടിയും അയച്ചിരുന്നെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.