ബെയ്ജിങ് : ചൈനയിൽ അതിവേഗം കോവിഡ് വ്യാപിക്കുന്നു. തലേദിവസത്തെക്കാൾ ഇരട്ടിയായിരുന്നു ഇന്നലെ രോഗബാധിതരുടെ എണ്ണം. ഇതാകട്ടെ കഴിഞ്ഞ 2 വർഷമുണ്ടായതിലും ഉയർന്ന നിരക്കാണ്. നിലവിൽ പൂർണ ലോക്ഡൗണിനു കീഴിലായ 13 നഗരങ്ങളിൽ 3 കോടി ആളുകളാണു വരുന്നത്. ഇന്നലെ 5280 പേർക്കാണ് വൈറസ് പകർന്നുകിട്ടിയത്. തലേദിവസം 3507 ആയിരുന്നു. ലോകരാജ്യങ്ങളിലെ കണക്കുവെച്ചു നോക്കിയാൽ ഇതു വളരെ കുറവാണ്.
വരുന്ന ഏതാനും ആഴ്ചകളിലെ കണക്കു കൂടി വരുമ്പോൾ മാത്രമേ കോവിഡിനെ തൽക്ഷണം നിയന്ത്രിച്ചുപോന്നിരുന്ന ചൈനീസ് തന്ത്രം, അതിവേഗം വ്യാപിക്കുന്ന ഒമിക്രോൺ വകഭേദത്തിനെതിരെ ഫലപ്രദമാകുമോ എന്നു വ്യക്തമാകൂ. ഏപ്രിൽ പകുതിയോടെ നിയന്ത്രണവിധേയമാകുമെന്നാണ് ലാൻഷൗ യൂണിവേഴ്സിറ്റിയിലെ കോവിഡ് പ്രവചനവിഭാഗത്തിന്റെ കണക്കുകൂട്ടൽ. അപ്പോഴേക്കും കേസുകളുടെ എണ്ണം 35,000 ആകും. ഏറ്റവും ഒടുവിലത്തെ കോവിഡ് ബാധ ഇതുവരെയുണ്ടായതിൽ ഏറ്റവും ആശങ്കാജനകമാകാമെന്നാണ് യൂണിവേഴ്സിറ്റി പറയുന്നത്.
കർശനമായ രോഗനിയന്ത്രണം വിപണിയെയും പിടിച്ചുലച്ചുതുടങ്ങി. ചൈനയുടെ സാമ്പത്തികവളർച്ചയെ ബാധിക്കുമോയെന്ന ഭീതിക്കിടയിൽ ഓഹരിക്കമ്പോളം 21 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. കഴിഞ്ഞ വർഷത്തെ സാമ്പത്തിക വളർച്ച 8.1 ശതമാനമാണ്. ഈ വർഷം പ്രതീക്ഷിക്കുന്നതു 5.5% മാത്രമാണ്. എന്നാൽ ഇപ്പോഴത്തെ പ്രതിസന്ധി ഇതിനും വലിയ വെല്ലുവിളി ഉയർത്തുന്നു. ബിസിനസ് കേന്ദ്രങ്ങളായ ഷെൻസെൻ, ചാങ്ചുൻ നഗരങ്ങൾ ലോക്ഡൗണിലായതും ഓഹരിവിപണിക്ക് തിരിച്ചടിയായി.
ഇവിടെ ഭക്ഷണം, ഇന്ധനം എന്നിവ ഒഴികെയുള്ള വ്യാപാരമേഖലകൾ അടച്ചിട്ടിരിക്കുകയാണ്. ചാങ്ചുൻ വരുന്ന ജിലിൻ പ്രവിശ്യയിലാണ് രോഗബാധ ഏറ്റവും കൂടുതൽ. തുറമുഖങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഫാക്ടറികൾ അടച്ചിടേണ്ടിവന്നു. ഏറ്റവും വലിയ നഗരവും ബിസിനസ് തലസ്ഥാനവുമായ ഷാങ്ഹായിലേക്കു ബസ് സർവീസ് പോലും നിർത്തി.