തിരുവനന്തപുരം∙ ഡോ.എം.റോസലിൻഡ് ജോർജിനെ കേരള ഫിഷറീസ് സർവകലാശാല (കുഫോസ്) വിസിയായി ഗവർണർ നിയമിച്ചു. ഫിഷറീസ് സർവകലാശാലയിലെ പ്രഫസറാണ് റോസലിൻഡ്. വൈസ് ചാൻസലറായിരുന്ന കെ.റിജി ജോണിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. വിസി സിലക്‌ഷൻ കമ്മിറ്റിയിൽ യുജിസി നോമിനി ഇല്ലാതിരുന്നതും വിസി നിയമനത്തിനു പാനൽ നൽകുന്നതിനു പകരം ഒരാളുടെ പേരു മാത്രം നിർദേശിച്ചതും യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നു കണ്ടെത്തിയായിരുന്നു ഹൈക്കോടതി നടപടി.
യുജിസി ചട്ടപ്രകാരം പുതിയ സിലക്‌ഷൻ കമ്മിറ്റി രൂപീകരിച്ച്, വിസിയെ കണ്ടെത്താൻ ചാൻസലർ കൂടിയായ ഗവർണർക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. നേരത്തെ സാങ്കേതിക സർവകലാശാല വിസിയുടെ നിയമനം ഇതേ കാരണത്താൽ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ആ വിധിയുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി നടപടിയെടുത്തത്.
സിലക്‌ഷൻ കമ്മിറ്റിയെ നിയമിച്ച 2020 സെപ്റ്റംബർ 16ലെ വിജ്ഞാപനവും ഒരാളുടെ പേരു മാത്രം നിർദേശിച്ച 2021 ജനുവരി 22ലെ കമ്മിറ്റിയുടെ പ്രമേയവും ജനുവരി 23ലെ നിയമന ഉത്തരവും കോടതി റദ്ദാക്കി. കമ്മിറ്റിയെയും വിസിയെയും നിയമിച്ചത് ചാൻസലർ ആയിരുന്നു. കുഫോസ് നിയമപ്രകാരം ചാൻസലർ പ്രവർത്തിച്ചത് യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.