ദില്ലി: ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 52 ലക്ഷം രൂപ വിലവരുന്ന മരുന്നുമായി മൂന്ന് യാത്രക്കാർ പിടിയിൽ. ശനിയാഴ്ച വൈകുന്നേരം ടെർമിനൽ മൂന്നിലെ ചെക്ക്-ഇൻ ഏരിയയിൽ നടത്തിയ പരിശോധനയിൽ മൂന്ന് യാത്രക്കാരെ അറസ്റ്റ് ചെയ്തതായി സിഐഎസ്എഫ് അറിയിച്ചു. എയർ അറേബ്യ എയർലൈൻസ് വിമാനത്തിൽ ഷാർജ വഴി കാബൂളിലേക്ക് പോകേണ്ടിയിരുന്ന യാത്രക്കാരായ ബാസിദ്, മുബാഷിർ ജമാൽ, കെയ്ഫീ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇവരുടെ ലഗേജിലാണ് മരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയതെന്ന് സിഐഎസ്എഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. X-BIS മെഷീൻ വഴി ലഗേജുകൾ പരിശോധിച്ചപ്പോൾ 52 ലക്ഷം രൂപ വിലയുള്ള വിവിധ തരം മരുന്നുകൾ കണ്ടെത്തി. ഇത്രയും വലിയ അളവിൽ മരുന്നുകൾ കൊണ്ടുപോകുന്നതിനുള്ള രേഖകൾ ഹാജരാക്കാൻ യാത്രക്കാർക്ക് കഴിഞ്ഞില്ല. ഇക്കാര്യം സിഐഎസ്എഫിലെ മുതിർന്ന ഉദ്യോഗസ്ഥരെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും അറിയിച്ചു. പിന്നീട് തുടർ നടപടികൾക്കായി കസ്റ്റംസിന് കൈമാറി.












