സോലിങ്കൻ: പശ്ചിമ ജർമനിയിലെ സോലിങ്കൻ നഗരത്തിൽ വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിലെ പ്രതി പിടിയിൽ. മൂന്ന് പേർ കൊലപ്പെടുത്തുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് സംഭവം. ഇയാളെ കസ്റ്റഡിയിൽ എടുത്തതായി ജർമൻ പൊലീസ് വിശദമാക്കി. 56 ഉം 67ഉം പ്രായമുള്ള പുരുഷൻമാരും 56 വയസുള്ള സ്ത്രീയുമാണ് വെള്ളിയാഴ്ച നടന്ന കത്തിയാക്രമണത്തിൽ കൊല്ലപ്പെട്ടത്. അറസ്റ്റിലായ ആളുടെ വിവരങ്ങൾ പൊലീസ് പുറത്ത് വിട്ടിട്ടില്ല.
രക്തം പുരണ്ട വസ്ത്രങ്ങളോടെ പ്രതി കീഴടങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. കത്തിയാക്രമണം സംബന്ധിച്ച നിർണായക അറസ്റ്റാണ് ശനിയാഴ്ച നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. ശനിയാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. എന്നാൽ അറസ്റ്റിലായ ആളുമായി ഇസ്ലാമിക് സ്റ്റേറ്റിനുള്ള ബന്ധത്തേക്കുറിച്ചുള്ള വിവരങ്ങൾ ഇനിയും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരം നഗര മധ്യത്തിൽ നടന്ന ആഘോഷത്തിനിടയിലായിരുന്നു ആക്രമണം. അജ്ഞാതനായ ഒരാൾ നിരവധി ആളുകളെ ആക്രമിച്ചതായാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. വ്യവസായിക നഗരമായ സോലിങ്കൻ സ്ഥാപിതമായതിന്റെ 650ാം വാർഷിക ആഘോഷത്തിനിടയിലേക്കാണ് അക്രമി എത്തിയത്. സ്റ്റേജിൽ ഗാനമേള നടക്കുന്നതിനിടെയായിരുന്നു അജ്ഞാതന്റെ കത്തിയാക്രമണം. അക്രമിക്കപ്പെട്ടവരുടെ കഴുത്തിന് അടക്കമാണ് കുത്തേറ്റിട്ടുള്ളത്. അക്രമത്തിന് പിന്നിൽ ഒരാൾ മാത്രമെന്നാണ് പ്രാഥമിക നിഗമനം. 160000 ത്തോളം ആളുകളാണ് സ്റ്റീൽ വ്യവസായ നഗരമായ സോലിങ്കനിൽ താമസമാക്കിയിട്ടുള്ളത്.
വേദിയിൽ പാടുന്നവരുടെ മുഖത്ത് നിന്ന് ചുറ്റും അരുതാത്തത് നടക്കുന്നുവുണ്ടെന്ന് തോന്നിയെന്നും പിന്നാലെ തന്നെ സമീപത്ത് ഒരാൾ പരിക്കേറ്റ് വീഴുന്നത് കണ്ടെന്നുമാണ് കത്തിയാക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാൾ പൊലീസിനോട് വിശദമാക്കിയത്. സംഭവത്തിന്റെ ദൃക്സാക്ഷികളിൽ നിന്ന് അക്രമിയേക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമവും പൊലീസ് നടത്തുന്നതിനിടയിലാണ് അക്രമി കീഴടങ്ങുന്നത്.