ഇടുക്കി: മലപ്പുറം എടവണ്ണയിൽ ഗൾഫ് വ്യവസായിയുടെ വീടിന് തീവെച്ച് ശേഷം മുങ്ങിയ ക്വട്ടേഷൻ ടീമംഗങ്ങളെ കാന്തല്ലൂരിൽ ഉൾവനത്തിനരികെയുള്ള റിസോർട്ടിൽ നിന്നും പൊലീസ് സംഘം സാഹസികമായി പിടികൂടി. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾ പൊലീസിനെ കണ്ട് പട്ടിയെ അഴിച്ച് വിട്ട് കടിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടയിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാക്കളെ സാഹസികമായ മൽപ്പിടുത്തത്തിനൊടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്. ഒന്നരമാസം മുൻപ് മലപ്പുറം എടവണ്ണയിൽ ഗൾഫ് വ്യവസായിയുടെ വീടിന് തീയിട്ട് കുടുംബാംഗങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ചെർപ്പുളശേരി മൂലൻ കുന്നത്ത് അബ്ദുൽ റസാഖ് (25), പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി വലിയ പറമ്പത്ത് ഷെഫീഖ് (28), പ്രതികളെ മറയൂരിൽ ഒളിച്ച് താമസിക്കാൻ സഹായിച്ച സുഹൃത്തും റിസോർട്ട് ഉടമയുമായ മലപ്പുറം പരപ്പനങ്ങാടി ചിറമംഗലം കല്ലൻ ഫഹദ് (28) എന്നിവരെയാണ് പിടികൂടിയത്. ഷെഫീഖിന് ക്വട്ടേഷൻ ലഭിച്ചത് വിദേശത്ത് നിന്നാണെന്ന് പോലീസ് പറഞ്ഞു.