ദില്ലി : സെൻട്രൽ കശ്മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന മൂന്ന് ജെയ്‌ഷെ മുഹമ്മദ് (ജെഇഎം) ഭീകരരെ വധിച്ചു. ഇന്നലെ രാത്രിയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഇതോടെ ഏഴ് ദിവസത്തിനിടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം 11 ആയി. ബുദ്ഗാമിലെ സോൾവ ക്രൽപോറ ചദൂരയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് പോലീസ്, സൈന്യം, സിആർപിഎഫ് ഉദ്യോഗസ്ഥർ സംയുക്ത പരിശോധന നടത്തിയിരുന്നു. തെരച്ചിൽ സംഘത്തിന് നേരെ ഭീകരർ വെടിയുതിർത്തു. സുരക്ഷാ സേന തിരിച്ചടിച്ചതോടെ ഏറ്റുമുട്ടലുണ്ടായി. ഭീകരരിൽ ഒരാൾ ശ്രീനഗറിലെ നൗഗാമിലെ വസീം മിർ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിന്റെയും കണ്ടെടുത്ത രേഖകളുടെയും അടിസ്ഥാനത്തിൽ, മറ്റ് രണ്ട് ഭീകരർ വിദേശ പൗരന്മാരാണ്. സ്ഥലത്ത് നിന്ന് മൂന്ന് എകെ 56 തോക്കുകൾ കണ്ടെടുത്തതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് അറിയിച്ചു.