ദില്ലി: ജമ്മുകശ്മീരിലെ സുരൻകോട്ടിൽ മൂന്ന് നാട്ടുകാർ കൊല്ലപ്പെട്ടതിൽ അന്വേഷണം പ്രഖ്യാപിച്ച് സൈന്യം. സംഭവത്തിൽ ജമ്മുകശ്മീർ പൊലീസ് കേസെടുത്തു. ചോദ്യം ചെയ്യുന്നതിനായി സൈന്യം കസ്റ്റഡിയിൽ എടുത്തവരാണ് കൊല്ലപ്പെട്ടതെന്നാണ് നാട്ടുകാർ ആരോപിച്ചിരുന്നത്. സംഭവത്തിൽ രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധം തുടരുകയാണ്. അന്വേഷണവുമായി സഹകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വന്‍ വിമർശനമാണ് ഉയർത്തുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി. സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. യാഥാർത്യം മറച്ചുവെക്കാൻ സർക്കാര്‍ എല്ലാം മൂടിവെക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും വിമർശിച്ചു.