മാന്നാർ: അച്ചൻകോവിലാറായ കുട്ടമ്പേരൂർ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുണ്ടായ മടവീഴ്ച്ചയിൽ കൃഷിനാശം. മാന്നാർ കുട്ടമ്പേരൂർ കണ്ണൻകുഴി പാടത്താണ് മട വീഴ്ചയിൽ മുപ്പതോളം ഏക്കർ വിളവെടുക്കാൻ പാകമായ നെൽക്കൃഷിയാണ് നശിച്ചത്. ഇന്ന് പുലർച്ചയാണ് വെള്ളംകയറി നശിച്ചത്. മാന്നാർ കൃഷി ഓഫിസർ പി സി ഹരികുമാർ സ്ഥലത്തെത്തുകയും കായംകുളം ഇറിഗേഷൻ അസി. എഞ്ചിനീയറുടെ നിർദ്ദേശപ്രകാരം മടവീണ ഭാഗത്ത് ചെളിയും മണ്ണുമിട്ട് നികത്തി. എട്ടുവർഷമായി തരിശുകിടന്ന അമ്പതേക്കറിലെ മുപ്പതേക്കർ പാടമാണ് സുഭിക്ഷ കേരളം പദ്ധതിയിൽപ്പെടുത്തി കൃഷിയിറക്കിയത്.
നവീകരണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുന്ന കുട്ടംപേരൂർ ആറിനോട് ചേർന്നുള്ള കണ്ണൻകുഴി പാട്ടത്തിനു സമീപം മടവീഴ്ചയുണ്ടാവാതിരിക്കാൻ സ്ഥിരമായ സംവിധാനത്തിനുള്ള പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഷട്ടർ സ്ഥാപിക്കുന്ന ജോലികൾ മാത്രമാണ് ബാക്കിയുള്ളതെന്ന് കായംകുളം ഇറിഗേഷൻ അസി. എൻജിനീയർ പി ജ്യോതി പറഞ്ഞു. കനത്ത മഴയെ തുടർന്ന് അപ്പർകുട്ടനാടൻ മേഖലയിലെ മാന്നാർ, ചെന്നിത്തല കൃഷിഭവൻ പരിധിയിലുള്ള ചെന്നിത്തല ഓന്നാം ബ്ലോക്ക് പാടത്തും കുരട്ടിശ്ശേരി കണ്ടങ്കേരി, വേഴത്താർ, നാലുതോട് എന്നീ പാടത്തെ നെൽകൃഷിയും വ്യാപകമായി നശിച്ചു. പാടത്ത് വെള്ളം കെട്ടി കിടക്കുന്നതിനാൽ നെല്ലുകൾ നിലം പൊത്തിയ നിലയിലാണ്.വിളവെടുപ്പിന് പ്രായമായ നെൽച്ചെടികൾ പൂർണമായി വെള്ളത്തിനടിയിലായതിനാൽ നെല്ല് കൊയ്തെടുക്കാൻ പറ്റാത്ത നിലയിൽ കർഷകർ ആശങ്കയിലാണ്.