ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി യുവാക്കളുടെ പരാതികൾ പരിഗണിക്കുന്നതിനായി യുവജന പ്രകടന പത്രിക പുറത്തിറക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 25 വയസ്സുവരെയുള്ള ഡിപ്ലോമ ഹോൾഡർമാർക്ക് ഒരു ലക്ഷം വാർഷിക തൊഴിൽ പാക്കേജ്, ചോദ്യ പേപ്പർ ചോർച്ച ഒഴിവാക്കാൻ കർശനമായ നിയമങ്ങൾ, ഗിഗ് എക്കണോമിയിൽ സാമൂഹിക സുരക്ഷ, 30 ലക്ഷം സർക്കാർ ജോലികൾ, 40 വയസിൽ താഴെയുള്ളവരുടെ സ്റ്റാർട്ട് അപ്പുകൾക്ക് 50000 കോടിയുടെ സഹായം നൽകുന്ന യുവരോഷ്നി പദ്ധതി തുടങ്ങിയവയാണ് കോൺഗ്രസ് വാഗ്ദാനം. ഇന്ത്യയിൽ 30 ലക്ഷം സർക്കാർ ഒഴിവുകളാണുള്ളത്. മോദി സർക്കാർ ഒഴിവുകൾ നികത്തുന്നില്ല. അധികാരത്തിൽ വന്നാൽ ഈ തസ്തികകൾ നികത്തുകയാണ് ആദ്യലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചോദ്യപേപ്പർ ചോർച്ച തടയാൻ സർക്കാർ ജോലി പരീക്ഷകളുടെ റിക്രൂട്ട്‌മെൻ്റ് നടപടിക്രമങ്ങൾ ഏകീകരിക്കുമെന്നും ഔട്ട്‌സോഴ്‌സിംഗ് നിർത്തുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.