തിരുവനന്തപുരം: പട്ടികജാതി വിഭാഗങ്ങളുടെ പരമ്പരാഗത തൊഴിൽ വികസനത്തിന് 30 ലക്ഷം അനുവദിച്ചു. പരമ്പരാഗത തൊഴിൽ പുനരുജ്ജീവിപ്പിക്കുന്നതിന് സെന്റർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് (സി.എം.ഡി) വിദഗ്ധരുമായി ചർച്ചചെയ്ത് കരകൗശല വികസന കോർപ്പറേഷൻ തയാറാക്കിയ 30 ലക്ഷം രൂപയുടെ പ്രൊപ്പോസൽ ഈ വർഷം മെയ് 11ന് നടന്ന വകുപ്പുതല വർക്കിംഗ് ഗ്രൂപ്പിന്റെ പരിഗണനക്കായി സമർപ്പിച്ചിരുന്നു.
വ്യവസ്ഥകളോടെ ഈ പദ്ധതി നടപ്പാക്കാൻ സർക്കാർ അനുമതി നൽകി. ആദ്യഘട്ടത്തിൽ കൊല്ലം തഴവ ഗ്രാമ പഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത തൊഴിൽ പുനരുജ്ജീവിപ്പിക്കുന്നതിന് പൂൾഡ് ഫണ്ടിൽ നിന്നും 30 ലക്ഷം രൂപയുടെ പ്രൊപ്പോസലിന് സർക്കാർ അംഗീകരിച്ചു. നിബന്ധനകളുടെ അടിസ്ഥാനത്തിൽ, 27 ലക്ഷം ചെലവഴിക്കുന്നതിനാണ് ഭരണാനുമതി നൽകിയത്.
പദ്ധതി തുകയുടെ 10 ശതമാനമായി മൂന്ന് ലക്ഷം രൂപ കരകൗശല വികസന കോർപ്പറേഷൻ വഹിക്കണം. ആവശ്യമായ ഘട്ടങ്ങളിൽ, പഞ്ചായത്ത്, കുടുംബശ്രീ തൊഴിലുറപ്പ് മിഷൻ, കേരള കരകൗശല കോർപ്പറേഷൻ എന്നിവയുടെ സഹകരണം ഉറപ്പുവരുത്തണം.സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള പ്രാദേശിക സാമ്പത്തിക വികസനത്തിനുള്ള മാർഗരേഖയിൽ പ്രാദേശികതലത്തിൽ നൈപുണ്യ വികസനത്തിനും സംരംഭകത്വ വികസനത്തിനും പ്രത്യേക സാധ്യതകൾ പരിഗണിക്കണം.
പദ്ധതിയുടെ ദീർഘകാലാടിസ്ഥാനത്തിലുള്ള നിലനിൽപ്പിനായി പ്രൊപ്പോസലിൽ തന്നെ ചൂണ്ടിക്കാണിച്ചിട്ടുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുന്നതിനും ഉൽപ്പന്നങ്ങളുടെ വിറ്റഴിക്കൽ ഉറപ്പുവരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിക്കണം.കൊല്ലം തഴവ പഞ്ചായത്തിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പുരോഗതിയുടെയും വിജയത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം ഈ പദ്ധതി മറ്റിടങ്ങിലേക്ക് വ്യപിപ്പിക്കാനാണ് തീരുമാനം.