നോര്‍ത്ത് കരോലിന: ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് യാത്ര ചെയ്ത്, പാടത്തും പുഴയിലുമൊക്കെ ചാടേണ്ടി വന്ന ആളുകളുടെ അനുഭവങ്ങള്‍ പലപ്പോഴായി വാര്‍ത്തകളായിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മാപ്പ് വഴി തെറ്റിച്ചതോടെ ഗൂഗിളിനെതിരെ നിയമ നടപടി സ്വീകരിച്ചിരിക്കുകയാണ് ഒരു കുടുംബം. അമേരിക്കയിലെ നോര്‍ത്ത് കരോലിനയിലുള്ള കുടുംബമാണ് ടെക് ഭീമന്മാര്‍ക്ക് എതിരെ കേസിന് പോയിരിക്കുന്നത്. നോര്‍ത്ത് കരോലിനയിലെ കുടുംബനാഥനാണ് ഗൂഗിള്‍ മാപ്പിലെ തെറ്റായ നിർദേശങ്ങൾ പിന്തുടര്‍ന്ന് തകര്‍ന്ന പാലത്തിലേക്ക് വണ്ടി ഓടിച്ചെത്തി മരണത്തിന് കീഴടങ്ങിയത്.
പാലം തകര്‍ന്നിരിക്കുന്ന വിവരം മാപ്പിലെ നാവിഗേഷനില്‍ വ്യക്തമാക്കത്തതാണ് അപകടത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. രണ്ട് കുട്ടികളുടെ പിതാവും 30 കാരനുമാ ഫിലിപ്പ് പാക്സണ്‍ ആണ് കഴിഞ്ഞ സെപ്തംബറില്‍ തകര്‍ന്ന പാലത്തില്‍ നിന്ന് കാര്‍ നദിയിലേക്ക് വീണ് മുങ്ങിമരിച്ചത്. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണക്കാരനായി ജോലി ചെയ്യുന്നതിനിടയിലായിരുന്നു ദാരുണാന്ത്യം. ഫിലിപ്പ് ഓടിച്ചിരുന്ന ജീപ്പ് മഞ്ഞ് മൂടിയിരുന്ന പാലത്തിലേക്ക് മാപ്പിലെ നിര്‍ദേശങ്ങള്‍ പിന്തുടര്‍ന്നാണ് എത്തിയത്. പാലം തകര്‍ന്നതാണെന്ന് മഞ്ഞ് വീണത് മൂലം വ്യക്തമാവാത്ത സാഹചര്യമായിരുന്നു. ഇതിനാലാണ് മുപ്പതുകാരന്‍ തകര്‍ന്ന പാലത്തിലേക്ക് വാഹനം ഓടിച്ച് കയറ്റിയത്.
ചൊവ്വാഴ്ചയാണ് ടെക് ഭീമനെതിരെ ഫിലിപ്പിന്റെ കുടുംബം കോടതിയെ സമീപിച്ചത്. മകളുടെ ഒന്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ജോലിക്ക് ശേഷം മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മെഡിക്കല്‍ ഉപകരണങ്ങളുടെ വിതരണത്തിനായി പരിചയമില്ലാത്ത ഭാഗത്തേക്ക് പോയതിനാലാണ് ഫിലിപ്പ് ഗൂഗിള്‍ മാപ്പിന്റെ സഹായം തേടിയത്. ഒന്‍പത് വര്‍ഷം മുന്‍പ് തകര്‍ന്ന പാലത്തിലേക്കാണ് മാപ്പിലെ ദിശാ നിര്‍ദേശങ്ങള്‍ യുവാവിനെ എത്തിച്ചതെന്നാണ് വസ്തുത. അപായ സൂചനാ മുന്നറിയിപ്പുകളൊന്നും ഇല്ലാതിരുന്ന പാലത്തില്‍ നിന്ന് 20 അടിയോളം താഴ്ചയിലുള്ള നദിയിലേക്ക് വീണ ഫിലിപ്പിനെ രക്ഷാ സേനയാണ് മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാദേശിക ഭരണകൂടമോ നിര്‍മ്മാതാക്കളോ തകര്‍ന്ന പാലം പുതുക്കി പണിഞ്ഞിരുന്നില്ല. ഈ പ്രദേശത്തെ പാലങ്ങളുടെ ചുമതലയിലുള്ള അധികൃതര്‍ പാലം തകര്‍ന്ന വിവരം പല തവണ ജിപിഎസില്‍ അപ്ഡേറ്റ് ചെയ്തിരുന്നുവെന്നാണ് കോടതിയെ അറിയിച്ചത്.
എന്നാല്‍ ആ മാറ്റം ജിപിഎസില്‍ പ്രതിഫലിക്കാതിരുന്നതാണ് രണ്ട് പെണ്‍മക്കളുടെ പിതാവായ 30 കാരന്റെ ദാരുണാന്ത്യത്തിന് കാരണമായതെന്നാണ് കുടുംബം ആരോപിക്കുന്നത്. മാറ്റങ്ങള്‍ വരുത്താന്‍ പ്രാദേശിക ഭരണകൂടം ടെക് ഭീമനോട് ആവശ്യപ്പെട്ട ഇ മെയിലിന്റെ കോപ്പി സഹിതമാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. ആരോപണം പഠിക്കുകയാണെന്നും നിയമ നടപടിയെ നേരിടുമെന്നും ഫിലിപ്പിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നുവെന്നുമാണ് ഗൂഗിള്‍ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്.