ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി 300 സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയ നൈജീരിയൻ യുവാവിനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ താമസക്കാരനും നൈജീരിയയിലെ ലാഗോസ് സ്വദേശിയുമായ ഗാരുബ ഗലുംജെയാണ് (38) പിടിയിലായത്. ഉത്തർ പ്രദേശിലെ മീററ്റിലെ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിയുടെ പാസ്പോർട്ട്, ഏഴ് ഫോണുകൾ, ബാങ്ക് രേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
ഇയാൾ സമൂഹ മാധ്യമങ്ങളിലൂടെയും മാട്രിമോണിയൽ സൈറ്റുകളിലൂടെയുമാണ് യുവതികളെ പരിചയപ്പെട്ടിരുന്നത്. കാനഡയിൽ താമസിക്കുന്ന ഇന്ത്യൻ പൗരനായാണ് പരിചയപ്പെടുത്തിയിരുന്നതെന്ന് പൊലീസ് പറയുന്നു. യുവതികളുടെ വിശ്വാസം നേടിയെടുത്ത ശേഷം പണം ആവശ്യപ്പെടുകയാണ് പതിവ്. പണം കുടുംബാംഗങ്ങൾക്കാണ് അയച്ചുകൊടുത്തിരുന്നതെന്നും പൊലീസ് പറഞ്ഞു.സമൂഹ മാധ്യമങ്ങളിലും മാട്രിമോണിയൽ സൈറ്റുകളിലും ഇയാൾ സ്വന്തം ചിത്രങ്ങളുപയോഗിച്ചിരുന്നില്ല.
പരാതിക്കാരിയായ യുവതി മാട്രിമോണിയൽ സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. ഇന്തോ-കനേഡിയനാണെന്ന് പറഞ്ഞ് ഗാരുബ ഇവരുമായി പരിചയത്തിലാവുകയും 60 ലക്ഷം രൂപ പലതവണയായി കൈക്കലാക്കുകയുമായിരുന്നെന്ന് നോയ്ഡ പൊലീസ് ഇൻസ്പെക്ടർ റീത യാദവ് അറിയിച്ചു.