ദില്ലി: ഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 32 ആയി. 21 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോൾ കഴിഞ്ഞ രാത്രിയാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
ഉത്തരാഖണ്ഡിലെ പൗരി ഗഡ്വാൽ ജില്ലയിലെ സിംദി ഗ്രാമത്തിൽ ഇന്നലെ രാത്രിയിലായിരുന്നു അപകടം ഉണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച ബസാണ് ധുമാകോട്ടയിലെ 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായത്. അപകടം സംഭവിച്ച വാഹനത്തിൽ അൻപതോളം പേർ ഉണ്ടായിരുന്നു. പുലർച്ചയോടെ 25 മൃതദേഹങ്ങൾ കണ്ടെത്തി. ഇന്ന് 7 മൃതദേഹങ്ങൾ കൂടി കിട്ടി. മരിച്ചവരെല്ലാം ഉത്തരാഖണ്ഡ് സ്വദേശികളാണ്. പൊലീസും ദുരന്ത നിവാരണ സേനയും നാട്ടുകാരും ഇന്നലെ തുടങ്ങിയ രക്ഷാ പ്രവർത്തനം ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അവസാനിപ്പിച്ചത്.
അപകടത്തിൽ പരിക്കേവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിൽ ചിലരുടെ പരിക്ക് ഗുരുതരമാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. അപകടത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം അറിയിച്ചു. അപകടത്തിൽപെട്ടവർക്ക് പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.