കോഴിക്കോട്: പേരാമ്പ്ര ചെറുവണ്ണൂരിലെ ജ്വല്ലറിയില്‍ നിന്ന് 31 പവന്‍ സ്വര്‍ണവും അഞ്ച് കിലോ വെള്ളിയും കവര്‍ന്ന കേസിലെ ഇതരസംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. ബിഹാര്‍ സ്വദേശി മുഹമ്മദ് മിനാറുല്‍ ഹഖിനെ(24)യാണ് കോഴിക്കോട് മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കേസ് അന്വേഷണത്തിനായി രൂപീകരിച്ച പ്രത്യേക ടീം നേപ്പാള്‍ അതിര്‍ത്തി ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ ബിഹാര്‍ സ്വദേശി ഇസാഖ് പിടിയിലാകാനുണ്ട്.
കഴിഞ്ഞ ജൂലൈ ആറിനാണ് ചെറുവണ്ണൂര്‍ ടൗണിലെ പവിത്രം ജ്വല്ലറി വര്‍ക്സില്‍ കവര്‍ച്ച നടന്നത്. ഇസാഖ് ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് താമസിച്ച് ജോലി ചെയ്തു വരികയായിരുന്നു. ആറാം തീയതി പുലര്‍ച്ചെ ഇയാള്‍ മിനാറുല്‍ ഹഖുമായി ചേര്‍ന്ന് ജ്വല്ലറിയുടെ പിന്നിലെ ചുമര്‍ തുരന്ന് അകത്തു കയറി മോഷണം നടത്തുകയായിരുന്നു. ശേഷം തീവണ്ടിയില്‍ നാട്ടിലേക്ക് രക്ഷപ്പെട്ടു.
സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ കോളുകളും പിന്തുടര്‍ന്നാണ് പോലീസ് പ്രതിയെ വലയിലാക്കിയത്. ബിഹാര്‍ പോലീസിന്റെ സഹായത്തോടെ മേപ്പയ്യൂര്‍ എസ്‌ഐ കെവി സുധീര്‍ ബാബു, എഎസ്‌ഐ ലിനേഷ്, സിപിഒമാരായ സിഞ്ചുദാസ്, ജയേഷ് എന്നിവരാണ് നേപ്പാള്‍ അതിര്‍ത്തിയിലുള്ള ദിഗല്‍ ബങ്ക് എന്ന സ്ഥലത്തെ ബംഗ്ലാദേശ് കോളനിയില്‍നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്.