തിരുവനന്തപുരം: വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടൽ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നൽകാനുള്ളത് 3182 കോടി കുടിശിക. നെല്ല് സംഭരണത്തിൽ തുടങ്ങി കിറ്റ് വിതരണം ചെയ്തതിന്‍റെ വിഹിതം വരെ കിട്ടാനുണ്ട് സപ്ലൈക്കോക്ക്. അത്യാവശ്യമായി പണം അനുവദിച്ചില്ലെങ്കിൽ ഓണക്കാല വിപണി പ്രതിസന്ധിയിലാകുമെന്ന് സപ്ലെയ്കോ അറിയിച്ചിട്ടുണ്ടെങ്കിലും എത്ര തുക എപ്പോൾ കൊടുക്കാനാകുമെന്ന കാര്യത്തിൽ ധനവകുപ്പ് വ്യക്തത വരുത്തിയിട്ടില്ല.
നെല്ല് സംഭരണമായാലും റേഷൻ കടകൾ വഴിയുള്ള അരി വിതരണമായാലും അവശ്യസാധനങ്ങളുടെ വില നിയന്ത്രണമായാലും വിപണിയിൽ നേരിട്ട് ഇടപെടാനുള്ള ഉത്തരവാദിത്തം സപ്ലൈക്കോക്കാണ്. മറ്റ് മാസങ്ങളിലേതിൽ നിന്ന് ഇരട്ടി സാധങ്ങൾ സംഭരിച്ചാലേ ഓണക്കാലത്ത് സപ്ലൈക്കോക്ക് പിടിച്ച് നിൽക്കാനാകു. എന്നാലിത്തവണ എന്നുമില്ലാത്തത്ര പ്രതിസന്ധിയിലാണ്. സാമ്പത്തിക പ്രതിസന്ധി കാരണം സര്‍ക്കാര്‍ സപ്ലെയ്കോക്ക് വരുത്തിയത് 3182 കോടി കുടിശികയാണ്.
13 അവശ്യസാധനങ്ങളുടെ വിലനിയന്ത്രണം അടക്കം വിപണി ഇടപടലിന് ചെലവഴിച്ച വഴിയിൽ കിട്ടാനുള്ളത് 1462 കോടി. അതിഥി തൊഴിലാളികൾക്കും മത്സ്യതൊഴിലാളികൾക്കും കിറ്റ് വിതരണം ചെയതതിൽ കുടിശിക 30 കോടി. ഇതിനെല്ലാം പുറമെയാണ് നെല്ല് സംഭരണ കുടിശികയിൽ സപ്ലൈക്കോക്ക് 1000 കോടിയോളം രൂപ സര്‍ക്കാര്‍ നൽകാനുള്ളത്. പല ഇനങ്ങളിലായി 2019 മുതലുള്ള കുടിശിക കിട്ടാനുണ്ടെന്നാണ് സപ്ലെയ്കോയുടെ കണക്ക്.
13 ഇനം അവശ്യ സാധനങ്ങളടങ്ങിയ കിറ്റൊന്നിന് 500 രൂപ മൂല്യം കണക്കാക്കി 425 കോടി രൂപക്കാണ് കഴിഞ്ഞ വര്‍ഷം റേഷൻ കാര്‍ഡ് ഉടമകൾക്കെല്ലാം ഓണക്കിറ്റെത്തിച്ചത്. റേഷൻ കട ഉടമകൾക്കും 45 കോടി രൂപ അടിയന്തരമായി തീര്‍ക്കേണ്ട കുടിശികയുണ്ട്. സ്പ്ലെയക്കോക്ക് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന കരാറുകാര്‍ക്ക് 549 കോടി കൊടുത്ത് തീർക്കാനുണ്ട്. ഓണക്കാലം മുൻകൂട്ടി കണ്ട് വിളിച്ച ടെണ്ടര്‍ വിളിച്ചപ്പോൾ കരാറുകാര്‍ വിലകൂട്ടി ചോദിക്കുന്നതിനാൽ എട്ട് ഇനം അവശ്യസാധനങ്ങളുടെ സംഭരണം നിലവിൽ പ്രതിസന്ധിയിലാണ്. പൊതുവിപണിക്കൊപ്പമോ അതിലധികമോ വില ടെണ്ടര്‍ നൽകിയ മൊത്ത വിതണക്കാരുമായി വീണ്ടും ചര്‍ച്ച നടത്തും. വിലക്കുറയ്ക്കാൻ സാധ്യതയില്ലെങ്കിൽ വീണ്ടും ടെണ്ടര്‍ വിളിത്തേക്കുമെന്നാണ് സപ്ലെയ്കോ അധികൃതര്‍ പറയുന്നത്.