തിരുവനന്തപുരം: റിട്ട. എസ്.ഐയുടെ വീട്ടിൽ കയറി ഭാര്യയുടെ കഴുത്തിലെ നാലുപവന്റെ സ്വർണ മാല കവർന്ന കേസിൽ യുവതി പിടിയിൽ. തിരുവനന്തപുരം വട്ടിയൂർക്കാവ് കരുംകുളം ഓമന വിലാസത്തിൽ ജയലക്ഷ്മി(32)യെയാണ് പൊലീസ് പിടിയകൂടിയത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വെള്ളായണി തെന്നൂർ അങ്കലംപാട്ട് വീട്ടിൽ റിട്ട. എസ്.ഐ. ഗംഗാധരൻ നായരുടെ ഭാര്യ ശാന്തകുമാരി(74)യുടെ കഴുത്തിൽക്കിടന്ന മാലയാണ് കവർന്നത്. ഒരാളെക്കുറിച്ച് അന്വേഷിക്കാനെന്ന വ്യാജേന ആണ് ജലക്ഷ്മി വയോധികരായ ദമ്പതികളുടെ വീട്ടിൽ എത്തുന്നത്.
തുടർന്ന് ഇവരുമായി സൗഹൃദം സ്ഥാപിക്കുകയും കുടിക്കാൻ വെള്ളം ആവശ്യപ്പെടുകയും ചെയ്തു. വെള്ളമെടുക്കാനായി അടുക്കളയിലേക്കു പോയ ശാന്തകുമാരിയുടെ പിന്നാലെ അകത്തുകയറിയ ജയലക്ഷ്മി വീട്ടിൽ ആരുമില്ലെന്നു മനസ്സിലാക്കിയശേഷം ശാന്തകുമാരിയുടെ കഴുത്തിൽക്കിടക്കുന്ന മാലയുടെ കൊളുത്ത് ഇളകിക്കിടക്കുന്നതായി പറയുകയും തുടർന്ന് ശാന്തകുമാരി മാല ഊരി കൈയിലെടുത്ത് പരിശോധിക്കുന്നതിനിടെ മാല തട്ടിയെടുത്ത് ഓടുകയായിരുന്നു. റോഡിലേക്ക് ഇറങ്ങിയ യുവതി സ്കൂട്ടറിൽ കാത്തുനിന്ന മറ്റൊരു സ്ത്രീയുടെ കൂടെ രക്ഷപ്പെടുകയായിരുന്നു. ഉടൻ തന്നെ വൃദ്ധ ദമ്പതികൾ പൊലീസിൽ വിവരമറിയിച്ചു.
തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ ഇടപ്പഴഞ്ഞി ഭാഗത്തുവെച്ച് വൈകീട്ട് പിടികൂടിയത്. കേസിൽ പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സ്ത്രീയെ പിടികൂടിയിട്ടില്ല. നേമം സി.ഐ. പ്രജീഷ്, എസ്.ഐമാരായ ഷിജു, രജീഷ്, സി.പി.ഒമാരായ രതീഷ്ചന്ദ്രൻ, സജു, കൃഷ്ണകുമാർ, ബിനീഷ്, സുനിൽ, അർച്ചന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.