മുംബൈ : ഇന്ത്യൻ പ്രീമിയർ ലീഗ് 2023-27 സീസണുകളുടെ സംപ്രേഷണാവകാശത്തിനായി മുടക്കേണ്ടത് 32,890 കോടി രൂപ. നാല് ബണ്ടിലുകളായാവും സംപ്രേഷണാവകാശം നൽകുക. ഒടിടി, ടെലിവിഷൻ സംപ്രേഷണങ്ങൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളിൽ പെട്ട മത്സരങ്ങൾ നാല് ബണ്ടിലുകളാക്കി തിരിച്ചിരിക്കുകയാണ്. ഓരോ ബണ്ടിലും ഓരോ കമ്പനികളാവും സ്വന്തമാക്കുക. ഈ നാല് ബണ്ടിലുകൾക്കും കൂടിയാണ് 32,890 കോടി രൂപ ബിസിസിഐക്ക് ലഭിക്കുക. ജൂൺ 12നാണ് സംപ്രേഷണാവകാശത്തിനുള്ള ലേലം നടക്കുക.
ഇന്ത്യാ വൻകരയിലെ സംപ്രേഷണാവകാശമാണ് ബണ്ടിൽ എയിൽ ഉള്ളത്. ഓരോ മത്സരത്തിനും 49 കോടി രൂപ വച്ച് ആകെ 18,130 കോടി രൂപയാണ് ഈ ബണ്ടിലിനായി മുടക്കേണ്ടത്. ഡിജിറ്റൽ സംപ്രേഷണാവകാശത്തിനായി ഒരു മത്സരത്തിന് 33 കോടി രൂപ വച്ച് ആകെ 12,210 കോടി രൂപ നൽകണം. ബണ്ടിൽ സിയിൽ 18 മത്സരങ്ങളുണ്ട്. ഓപ്പണിംഗ് മത്സരങ്ങൾ, നാല് പ്ലേ ഓഫ് മത്സരങ്ങൾ, ഡബിൾ ഹെഡറുകളിലെ രാത്രി മത്സരങ്ങൾ എന്നിവയ്ക്കായി ആകെ 1440 കോടി രൂപയാണ് തുക. ഇത് ഒടിടിയ്ക്ക് മാത്രമേ ലഭിക്കൂ. ബണ്ടിൽ ഡിയിലുള്ളത് ലോകത്തിൻ്റെ മറ്റിടങ്ങളിലെ സംപ്രേഷണാവകാശമാണ്. ഇതിനായി ഒരു മത്സരത്തിന് 3 കോടി രൂപ വച്ച് 1110 കോടി രൂപ മുടക്കണം. ഇന്ത്യക്ക് പുറത്ത് ടെലിവിഷൻ, ഡിജിറ്റൽ അവകാശങ്ങൾ ഉള്ളവർക്കേ ഇത് നൽകൂ.