ഇടുക്കി: മൂന്നാര്‍ രാജമലയിലെ വരയാടുകളുടെ കണക്കെടുപ്പ് നാളെ മുതല്‍ ആരംഭിക്കും. ഇരവികുളം ദേശീയോദ്യാനത്തിന്റെ ഭാഗമായി വരുന്ന ചിന്നാര്‍, ഇരവികുളം, പാമ്പാടുംചോല എന്നിവിടങ്ങളിലാണ് നാലുദിവസം നീളുന്ന കണക്കെടുപ്പ് നടക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 33 ബ്ലോക്കുകളായി തിരിഞ്ഞാണ് സംഘം കണക്കെടുപ്പ് നടക്കുന്നത്. ഒരു ബ്ലോക്കില്‍ മൂന്നുപേര്‍ വീതം ഉണ്ടാകും. സെന്‍സസില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് ഇന്ന് മൂന്നാര്‍ വനം വകുപ്പ് ഡോര്‍മിറ്ററിയില്‍ യോഗം ചേരും. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എസ് വി വിനോദ്, അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിതിന്‍ ലാല്‍ എന്നിവരാണ് കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നത്. പുതുതായി ജനിച്ചവ ഉള്‍പ്പെടെ 803 വരയാടുകള്‍ ഉള്ളതായാണ് നിലവിലുള്ള ഔദ്യോഗിക കണക്ക്.