ദില്ലി: 225 രാജ്യസഭാ സിറ്റിംഗ് അംഗങ്ങളിൽ 33 ശതമാനം പേർക്കെതിരെ ക്രിമിനൽ കുറ്റങ്ങൾ നിലനിൽക്കുന്നുണ്ടെന്നും സിറ്റിംഗ് എംപിമാരുടെ മൊത്തം ആസ്തി 19,602 കോടി രൂപയാണെന്നും റിപ്പോർട്ട്. തെരഞ്ഞെടുപ്പ് അവകാശ സംഘടനയായ എഡിആറിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 31 പേർ കോടീശ്വരന്മാരുമാണ്. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് ആൻഡ് നാഷണൽ ഇലക്ഷൻ വാച്ച് (ന്യൂ) നടത്തിയ വിശകലനത്തിൽ, രണ്ട് രാജ്യസഭാ സിറ്റിംഗ് അംഗങ്ങൾ ഐപിസി സെക്ഷൻ 302 പ്രകാരം കൊലപാതകവുമായി ബന്ധപ്പെട്ട കേസുകൾ നേരിടുന്നവരാണ്.
അതേസമയം നാല് എംപിമാർ ഐപിസി സെക്ഷൻ 307 പ്രകാരം കൊലപാതകശ്രമവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയാണ്. 225 രാജ്യസഭാ സിറ്റിംഗ് എംപിമാരിൽ 75 (33 ശതമാനം) രാജ്യസഭാ സിറ്റിംഗ് എംപിമാർ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. 40 (18 ശതമാനം) രാജ്യസഭാ സിറ്റിംഗ് എംപിമാർ ഗുരുതരമായ ക്രിമിനൽ കേസുകളിലും ഉൾപ്പെട്ടിട്ടുണ്ട്. ബിജെപിയുടെ 90 രാജ്യസഭാംഗങ്ങളിൽ 23 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതിയാണ്.
കോൺഗ്രസിലെ 28 എംപിമാരിൽ 50 ശതമാനവും സമാനമായ ആരോപണങ്ങൾ നേരിടുന്നു. ടിഎംസിയിൽ നിന്നുള്ള 13 , ആർജെഡി- ആറ് , സിപിഎം-നാല് എഎപി-3 എന്നിങ്ങനെയാണ് കണക്കുകൾ. ഒരു എംപിയുടെ ശരാശരി ആസ്തി 87.12 കോടി രൂപയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജെപിയിൽ നിന്ന് 9 പേരും കോൺഗ്രസിൽ നിന്ന് നാല് പേരും വൈഎസ്ആർപിയിൽ നിന്ന് രണ്ടുപേരും എഎപിയിലെ മൂന്ന് പേരും ടിആർഎസിലെ മൂന്ന് പേരും ആർജെഡിയിലെ രണ്ടുപേരും 100 കോടിയിലേറെ ആസ്തിയുള്ളവരാണ്.
ബിജെപിയുടെ എംപിമാരുടെ ശരാശരി ആസ്തി 37.34 കോടി രൂപയാണ്. കോൺഗ്രസ് എംപിമാരുടെ ശരാശരി ആസ്തി 40.70 കോടി, ടിഎംസി എംപിമാർക്ക് ശരാശരി ആസ്തി 10.25 കോടി, വൈഎസ്ആർസിപി. എംപിമാരുടെ ശരാശരി ആസ്തി 357.68 കോടിയും ടിആർഎസ് രാജ്യസഭാംഗങ്ങൾക്ക് 1,383.74 കോടി രൂപയും ഡിഎംകെ രാജ്യസഭാംഗങ്ങളുടെ ശരാശരി ആസ്തി 6.37 കോടിയും എഎപി രാജ്യസഭാംഗങ്ങളുടെ ശരാശരി ആസ്തി 114.81 കോടി രൂപയുമാണ്.