തിരുവനന്തപുരം: ബാലരാമപുരത്തെ മൂന്നു ജ്വല്ലറികളില്‍ മോഷണം നടത്തിയെന്ന കേസില്‍ പ്രതി പിടിയില്‍. തളിപ്പറമ്പ സ്വദേശി തങ്കച്ചനാണ് അറസ്റ്റിലായത്. 39 ദിവസം നീണ്ട അന്വേഷണത്തിനൊടുവിലാണ് തങ്കച്ചന്‍ പിടിയിലായത്. പത്ത് ജില്ലകളിലെ 700ലേറെ സിസി ടിവി ക്യാമറകള്‍, 3,600 മൊബൈല്‍ ഫോണ്‍ നമ്പറുകള്‍, ഇങ്ങനെ വ്യാപകമായി നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് തങ്കച്ചനെ ബാലരാമപുരം പൊലീസ് പിടികൂടിയത്.
ജൂലൈ 25ന് അര്‍ധരാത്രിയിലാണ് ബാലരാമപുരം ജംങ്ഷനിലെ മുന്ന് ജ്വല്ലറികള്‍ കുത്തി തുറന്ന് തങ്കച്ചന്‍ മോഷണം നടത്തിയത്. തിരിച്ചറിയാതിരിക്കാന്‍ മുഖം മങ്കി ക്യാപ് കൊണ്ട് മറച്ചിരുന്നു. വിരലടയാളത്തിലൂടെ കണ്ടെത്താതിരിക്കാന്‍ ഗ്ലൗസും ധരിച്ചു. എന്നാല്‍ മോഷണത്തിന് ശേഷം തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വേഷം മാറി എത്തിയ തങ്കച്ചന്റെ ദൃശ്യങ്ങള്‍ സിസി ടിവി ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്ന് വിവിധ ജില്ലകളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് തങ്കച്ചനെ കോഴിക്കോട് നിന്നും പിടികൂടിയത്.
കണ്ണൂരില്‍ നിന്നും ബാലരാമപുരത്തെത്തി മോഷണം നടത്തിയ ശേഷം ബസില്‍ കടന്നു കളയുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് തങ്കച്ചനെന്നും പൊലീസ് പറഞ്ഞു. കിലോ മീറ്ററുകളോളം സഞ്ചരിച്ച് മോഷണം നടത്തിയ ശേഷം കടന്നു കളയുന്നതാണ് തങ്കച്ചന്റെ മോഷണ രീതി. മോഷണ മുതല്‍ വിറ്റ് കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതം നയിക്കുന്നതാണ് പ്രതിയുടെ സ്വഭാവമെന്നും പൊലീസ് പറഞ്ഞു.