കോഴിക്കോട്: സംസ്ഥാനത്തെ 392 പട്ടികജാതി-വർഗ സഹകരണ സംഘങ്ങൾ പ്രവർത്തനരഹിതമെന്ന് സഹരണ വകുപ്പിന്റെ റിപ്പോർട്ട്. 879 എസ്.സി-എസ്.ടി സഹകരണ സംഘങ്ങളാണ് നിലവിലുള്ളത്. അതിൽ 434 എണ്ണം മാത്രമേ നിലവിൽ പ്രവർത്തിക്കുന്നുള്ളൂ. സഹകരണ വകുപ്പിന് കീഴിലുള്ള എസ്.സി- എസ്.ടി സംഘങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും പുനരുദ്ധരിക്കുന്നതിനുമായി വാർഷിക പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.പുനർജനലി പദ്ധതി എന്ന പേരിൽ ഇതിന് സർക്കാർ അംഗീകാരം നൽകി. പദ്ധതിയിലൂടെ നടപ്പിലാക്കുന്ന പ്രോജക്ടുകൾക്ക് 85ശതമാനം തുക (സബ്സിഡി 50 ഓഹരി 35 ശഥമാനം) ധനസഹായമായി അനുവദിക്കും. ഈ പദ്ധതി 2002- 23 സാമ്പത്തിക വർഷം നടപ്പാക്കി തുടങ്ങി. വിവിധ പ്രോജക്ടുകൾ നടപ്പാക്കി സംഘങ്ങളെ പുനരുദ്ധിക്കുന്നതിന് പരമാവധി 20 ലക്ഷം (ഓഹരി അഞ്ച് ലക്ഷം രൂപ സബ്സിഡി 15 ലക്ഷം) അനുവദിക്കുന്നു.
നൂതന പദ്ധതികൾ നടപ്പിലാക്കി സംഘത്തിലെ കൂടുതൽ അംഗങ്ങൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് സ്പെഷ്യൽ റിവൈവൽ സ്കീം പ്രകാരം 40 ലക്ഷം (ഓഹരി 10 ലക്ഷം രൂപ സബ്സിഡി 30 ലക്ഷം) രൂപ അനുവദിക്കും. സംഘങ്ങളെ ശരിയായ രീതിയിൽ പ്രവർത്തിപ്പിച്ച് അവയെ ലാഭകരമായി തീർക്കുന്നതിന് ലക്ഷ്യത്തോടെ പരമാവധി 50 ലക്ഷം രൂപ (ഓഹരി 20 ലക്ഷം രൂപ സബ്സിഡി 30 ലക്ഷം രൂപ) അനുവദിക്കുന്നു.
യുവജനങ്ങൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിന് സംഘങ്ങളിൽ കമ്പ്യൂട്ടർ പരിശീലന കോഴ്സുകൾ ആരംഭിക്കുന്നതിന് അഞ്ച് ലക്ഷം രൂപ (ഓഹരി 1,50,000 സബ്സിഡി 3,50,000) അനുവദിക്കും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് ഒരു സംഘത്തിന് പ്രതിമാസം പതിനായിരം രൂപ നിരക്കിൽ ആദ്യത്തെ രണ്ട് വർഷം അനുവദിക്കും. അഞ്ചുവർഷക്കാലയളവിനുള്ളിൽ സംഘം ലാഭകരമാകുന്ന പക്ഷം അത്തരം സംഘങ്ങൾക്ക് പ്രതിമാസം 15,000 രൂപ നിരക്കിലും. തുടർന്ന് മൂന്നുവർഷം മാനേജീരിയൽ സബ്സിഡി അനുവദിച്ചു.
പട്ടികവർഗ സഹകരണ സംഘങ്ങൾ ചെറുകിട വനവിഭവങ്ങൾ ശേഖരിക്കുന്നതിന് ഗുണകരമായ റിവോൾവിങ് ഫണ്ട് പദ്ധതി നടപ്പാക്കുന്നതിന് അനുമതി നൽകി. പദ്ധതി പ്രകാരം വനവിഭവങ്ങൾ ശേഖരിക്കുന്നതിന് സംഘങ്ങൾക്ക് അഡ്വാൻസായി തുക നൽകും.