റാമല്ല: വടക്കൻ വെസ്റ്റ്ബാങ്ക് നഗരമായ ജെനിനിൽ ഇരച്ചുകയറിയ ഇസ്രായേൽ സൈനികരുടെ വെടിയേറ്റ് നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. 20 പലസ്തീൻകാർക്ക് പരിക്കേറ്റു. അവരിൽ നാലുപേരുടെ നില ഗുരുതരാവസ്ഥയിലാണെന്ന് പ്രസ്താവന ഉദ്ധരിച്ച് സിൻഹുവ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
പലസ്തീൻ സ്രോതസ്സുകളും ദൃക്‌സാക്ഷികളും പറയുന്നതനുസരിച്ച്, ഇസ്രായേലി രഹസ്യ യൂനിറ്റ് നഗരത്തിലേക്ക് ഇരച്ചുകയറിയതിനെത്തുടർന്ന് ജെനിന്റെ പ്രധാന തെരുവിൽ ഇസ്രായേലി സൈനികരും ഫലസ്തീൻ പോരാളികളും തമ്മിൽ കനത്ത ഏറ്റുമുട്ടൽ ഉണ്ടായി. വെടിവയ്പിനെ കുറിച്ച് ഇസ്രയേലിൽ നിന്ന് ഔദ്യോഗിക പ്രസ്താവനകളൊന്നും ഉണ്ടായിട്ടില്ല.
അധിനിവേശ വെസ്റ്റ്ബാങ്കിൽ ഫലസ്തീനികളും ഇസ്രായേലികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, കുറച്ച് മാസങ്ങളായി ഇസ്രായേലി സുരക്ഷാ സേന ജെനിനിൽ പതിവായി റെയ്ഡുകൾ നടത്തിയിരുന്നു. ജനുവരി മുതൽ 84 ഫലസ്തീനികൾ ഇസ്രായേൽ സൈനികരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഫലസ്തീനികൾ നടത്തിയ ആക്രമണത്തിൽ 14 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി ഔദ്യോഗിക ഇസ്രായേലി കണക്കുകൾ വ്യക്തമാക്കുന്നു.