പാരീസ്: ഇംഗ്ലീഷ് ചാനൽ മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ നാല് അനധികൃത അഭയാർത്ഥികൾ കൊല്ലപ്പെട്ടു. രണ്ട് വയസ് പ്രായമുള്ള ആൺകുഞ്ഞ് അടക്കം നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കുന്നത്. എൻജിൻ തകരാറിലായ രണ്ട് ബോട്ടുകളിൽ തിക്കിലും തിരക്കിലും പെട്ട് ഒപ്പമുണ്ടായിരുന്നവരിൽ നിന്ന് ചവിട്ടേറ്റ് അബോധാവസ്ഥയിലാണ് ഇവരെ കണ്ടെത്തിയതെന്നാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കുന്നത്. അതീവ ദാരുണമായ സംഭവമെന്നും ഒപ്പമുണ്ടായിരുന്നവരുടെ കാലുകളിൽ ഇവരുടെ രക്തം പറ്റിയ നിലയിലുമാണ് ഉണ്ടായിരുന്നതെന്നാണ് ഫ്രാൻസ് മന്ത്രി ബ്രൂണോ റിറ്റാലിയോ പ്രതികരിച്ചത്. പരിക്കേറ്റ രണ്ട് വയസുകാൻ ഉൾപ്പെടെ 15 പേരെ ഫ്രെഞ്ച് രക്ഷാ സേനയാണ് സമുദ്രത്തിൽ നിന്ന് പുറത്ത് എത്തിച്ചത്. ബോട്ടിൽ കാലിൽ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ ആളെ രക്ഷാ സേന എയർ ലിഫ്റ്റ് ചെയ്തു.
വടക്കൻ ഫ്രാൻസിലെ ബോളോംഗ് സർ മെർ തീരത്തേക്കാണ് അനധികൃത കുടിയേറ്റക്കാരുടെ ബോട്ടുകളിലൊന്ന് ഒഴുകിയെത്തിയത്. 90 ലേറ പേരാണ് ഈ ചെറുബോട്ടിലുണ്ടായിരുന്നത്. എൻജിൻ തകരാറിലായ ബോട്ടിനെ രക്ഷാസേന കരയിലേക്ക് വലിച്ചെത്തിക്കുകയായിരുന്നു. കരയിലെത്തിക്കുമ്പോഴേയ്ക്കും രണ്ട് വയസുകാരൻ മരിച്ച നിലയിലായിരുന്നു. സൊമാലിയ സ്വദേശിനിക്ക് ജർമ്മനിയിൽ വച്ചുണ്ടായ ആൺകുഞ്ഞാണ് മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.
കാലാസ് തീരത്തിന് സമീപത്തേക്ക് എത്തിയ ബോട്ടും എൻജിൻ തകരാറിനേ തുടർന്നാണ് എത്തിയത്. എൻജിൻ തകരാറിലായതിന് പിന്നാലെ ബോട്ടിലുണ്ടായ കോലാഹലത്തിൽ കുറച്ച് പേർ വെള്ളത്തിലേക്ക് വീണെങ്കിലും ഇവരെ രക്ഷിക്കാനായിരുന്നു. ഈ ബോട്ടിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയുമാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഇവരും ബോട്ടിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ചതായാണ് ഫ്രെഞ്ച് അധികൃതർ വിശദമാക്കുന്നത്. 30 വയസോളം പ്രായമായവരാണ് മരിച്ചവർ. ഈ ബോട്ടിലുണ്ടായിരുന്നത് 71 പേരായിരുന്നുവെന്നും ഫ്രഞ്ച് രക്ഷാപ്രവർത്തകർ വിശദമാക്കുന്നത്.