കുമരനെല്ലൂർ: പാലക്കാട് കുമരനെല്ലൂർ കാഞ്ഞിരത്താണിയിൽ വീട്ടിൽ പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ നാലുപേർ അറസ്റ്റിൽ. പ്രതികളുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. കാഞ്ഞീരത്താണി സ്വദേശി ഫൈസലിന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തിൽ വീടിനും വാഹനങ്ങൾക്കും കേടുപാടുകള്‍ സംഭവിച്ചിരുന്നു.
മാരായം കുന്നത്ത് മുഹമ്മദ് ജാബിർ, ഒറുവിൻ പുറത്ത് ആസിഫ്, നെല്ലിശേരി ഷെമീർ, മുളയ്ക്കൽ അഷ്കർ എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി ഒന്നരയോടെയാണ് പ്രതികൾ അഫസ്ലിൻ്റെ വീടിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. വീടിന് മുമ്പിൽ ഉണ്ടായിരുന്ന ഇരുചക്ര വാഹനം, കാർ, ടിപ്പർ ലോറി എന്നിവയ്ക്കും കേടുപറ്റിയിരുന്നു. ആക്രമണത്തില്‍ കാർ പൂർണമായും കത്തി നശിച്ചിരുന്നു.
മുൻ വൈരാഗ്യം എന്നാണ് പ്രതികളുടെ മൊഴി. വീടിന് സമീപത്തെ സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഉഗ്രശേഷിയുള്ള ഏറ് പടക്കമുണ്ടാക്കി സ്ഫോടനം നടത്തുകയും അതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത വിദ്യാർത്ഥി കണ്ണൂരിൽ അറസ്റ്റിലായത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. 19കാരനെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഫോടക വസ്തു അശ്രദ്ധയോടെ കൈകാര്യം ചെയ്തതടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. സ്ഫോടക വസ്തു ഉണ്ടാക്കുന്നത് മുതൽ എല്ലാം ഭാഗവും വീഡിയോയിൽ ചിത്രീകരിച്ച് റീൽ ആക്കി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് വിദ്യാര്‍ത്ഥിയും സുഹൃത്തുക്കളും ചെയ്തത്.