ഹൃദയസ്തംഭനത്തിന് ഇപ്പോള്‍ പ്രായമായവരോ ചെറുപ്പക്കാരോ എന്നില്ല. ഇന്ത്യന്‍ ഹാര്‍ട്ട് അസോസിയേഷന്റെ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിലെ പുരുഷന്മാരില് സംഭവിക്കുന്ന ഹൃദയസ്തംഭനങ്ങളില്‍ പകുതിയും 50 വയസ്സില്‍ താഴെയുള്ളവരിലാണ് നടക്കുന്നത്. 25 ശതമാനം ഹൃദയാഘാതങ്ങള്‍ 40ന് താഴെയുള്ള പുരുഷന്മാരിലും റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൃദ്രോഗം വ്യാപകമായിട്ടും ഇത് സംബന്ധിച്ച കാര്യമായ അവബോധം ജനങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് ഇനി പറയുന്ന നാല് ലക്ഷണങ്ങള്‍ കരുതിയിരിക്കണമെന്ന് അഗറ്റ്സയിലെ മെഡിക്കല്‍ അഡ്വൈസര്‍ ഡോ. അൻബു പാണ്ഡ്യന് അഭിമുഖത്തില്‍ പറയുന്നു.
1. ശ്വസന പ്രശ്നം
ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട സര്‍വസാധാരണമായ ലക്ഷണമാണ് ശ്വാസം മുട്ടല്‍. ഇത് പെട്ടെന്നുണ്ടാകാം. ചിലപ്പോള്‍ ക്രമേണ സംഭവിക്കാം. ഒരാളുടെ ശാരീരിക അധ്വാനത്തിന്റെ തോത് അനുസരിച്ച് ഇതില്‍ വ്യത്യാസമുണ്ടാകാം. രാത്രിയില്‍ കിടക്കുമ്പോഴും മറ്റും ഈ ശ്വാസം മുട്ടല്‍ അനുഭവപ്പെടാം. നിത്യവും ശ്വാസം മുട്ടല്‍ ഉണ്ടാകുന്നവരില്‍ ക്ഷീണവും ഉത്കണ്ഠയും കാണപ്പെടും. ശ്വാസകോശത്തില്‍ ചില ദ്രാവകങ്ങള്‍ കെട്ടിക്കിടക്കുന്നത് ഓക്സിജന്റെ ശരിയായ കൈമാറ്റം നടക്കാതിരിക്കാന്‍ കാരണമാകാം. ഇതാണ് ശ്വാസംമുട്ടലിലേക്ക് നയിക്കുന്നത്.
2. ക്ഷീണം
ഹൃദ്രോഗമുള്ളവര്‍ക്ക് എപ്പോഴും അത്യധികമായ ക്ഷീണം അനുഭവപ്പെടാം. നടത്തം, സൈക്ലിങ്, ഓട്ടം, പടി കയറൽ പോലുള്ള പ്രവൃത്തികള്‍ ചെയ്യാനും ഇവര്‍ക്ക് ബുദ്ധിമുട്ട് നേരിടാം.
3. താളം തെറ്റിയ നെഞ്ചിടിപ്പ്
മാനസിക സമ്മര്‍ദം, പുകവലി, പ്രമേഹം, മദ്യപാനം എന്നിവയെല്ലാം താളം തെറ്റിയ നെഞ്ചിടിപ്പിന് കാരണമാകാം. രക്തത്തില്‍ ക്ലോട്ടുകള്‍ ഉണ്ടായി തുടങ്ങുന്നതിന്റെയും പ്രാരംഭ ലക്ഷണമാകാം ഈ അസാധാരണ നെഞ്ചിടിപ്പ്.
4. നെഞ്ചുവേദന
ഹൃദയത്തിലെ പേശികളാണ് നെഞ്ചുവേദനയ്ക്ക് കാരണമാകുന്നത്. തോളുകളിലും കൈകളിലും വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം. നെഞ്ചില്‍ എന്തോ കത്തുന്നത് പോലെയുള്ള തോന്നലും ഉണ്ടാകാം. സ്ത്രീകളില്‍ ചിലപ്പോള്‍ വേദന കൂടാതെയും ഹൃദയസ്തംഭനം സംഭവിക്കാറുണ്ട്.
ഇത്തരം ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്താന്‍ വൈകരുത്. സ്മാര്‍ട്ട് വാച്ചുകള്‍ പോലുള്ള ഉപകരണങ്ങള്‍ നെഞ്ചിടിപ്പിലെ വ്യതിയാനം കണ്ടെത്താന്‍ സഹായിക്കുമെന്നും ഡോ. അന്‍ബു പാണ്ഡ്യന് കൂട്ടിച്ചേര്‍ത്തു.