അമരാവതി : ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വിജയവാഡയിലാണ് ദാരുണസംഭവം. കിടപ്പുമുറിയിൽ സൂക്ഷിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. പുക ശ്വസിച്ച് കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും ഇപ്പോൾ ആരോഗ്യവാന്മാരാണെന്നും പോലീസ് പറഞ്ഞു.
ഡിടിപി തൊഴിലാളിയായിരുന്ന കെ ശിവകുമാർ വെള്ളിയാഴ്ചയാണ് ഇലക്ട്രിക് ബൈക്ക് വാങ്ങിയത്. വാഹനത്തിൽ നിന്ന് ഊരുമാറ്റാവുന്ന ബാറ്ററി വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വെച്ചു. എല്ലാവരും ഉറക്കത്തിലായ സമയത്താണ് പുലർച്ചെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് സൂര്യാറാവുപേട്ട് പോലീസ് ഇൻസ്‌പെക്ടർ വി ജാനകി രാമയ്യ പറഞ്ഞു. സ്‌ഫോടനത്തിൽ വീട്ടിൽ തീപിടിത്തമുണ്ടായി, എയർ കണ്ടീഷനും മെഷീനും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ വാതിൽ തകർത്ത് അകത്ത് കുടുങ്ങിയ കുടുംബത്തെ പുറത്തെത്തിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച തെലങ്കാനയിലെ നിസാമാബാദിൽ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാൾ മരിച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇലക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.