കാബൂള്‍ : അഫ്ഗാനിസ്ഥാനെ വലച്ച ഭൂകമ്പത്തില്‍ മരണ സംഖ്യ 4000 കടന്നതായി അധികൃതര്‍. ശനിയാഴ്ചയുണ്ടായ ഭൂകമ്പം അഫ്ഗാനിസ്ഥാന്റെ പശ്ചിമ മേഖലയിലാണ് സാരമായി ബാധിച്ചത്. രണ്ടായിരത്തിലധികം വീടുകളാണ് തുടര്‍ച്ചയായി ഉണ്ടായ രണ്ട് ഭൂകമ്പങ്ങളില്‍ തകര്‍ന്ന് അടിഞ്ഞതെന്നാണ് അഫ്ഗാനിസ്ഥാനിലെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി വിശദമാക്കുന്നത്.
20 ഗ്രാമങ്ങളിലായി 1980 മുതല്‍ 2000 വീടുകള്‍ തകര്‍ന്നുവെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വക്താവ് തിങ്കളാഴ്ച കാബൂളില്‍ വിശദമാക്കിയത്. ശനിയാഴ്ച ഉച്ച കഴിഞ്ഞാണ് ആദ്യ ഭൂകമ്പമുണ്ടായത്. പടിഞ്ഞാറൻ അഫ്ഗാനിൽ ഇറാൻ അതിർത്തിയോട് ചേർന്ന പ്രദേശത്താണ് കനത്ത ഭൂകമ്പം ഉണ്ടായത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ തകർന്ന് തരിപ്പണമായി.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ ഇനിയും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രക്ഷാപ്രവർത്തനം അവസാനിച്ചിട്ടില്ലെന്നും തുടരുകയാണെന്നുമാണ് അധികൃതർ പറയുന്നത്. റിക്ടർ സ്കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ മേഖലയിൽ രണ്ട് തുടർ ഭൂചലനങ്ങളും ഉണ്ടായിട്ടുണ്ട്. 1000 ത്തിലധികം രക്ഷാ പ്രവര്‍ത്തകര്‍ 35 സംഘങ്ങളായി തിരിഞ്ഞാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതെന്നാണ് ദുരന്ത നിവാരണ അതോറിറ്റി വക്താവ് വിശദമാക്കിയത്.
ഞായറാഴ്ച ചൈന അഫ്ഗാനിസ്ഥാന്‍ റെഡ് ക്രെസന്റിന് 200000 യുഎസ് ഡോളര്‍ സഹായധനം പ്രഖ്യാപിച്ചിരുന്നു. കാൽ നൂറ്റാണ്ടിനിടെ അഫ്ഗാനിസ്ഥാനിലുണ്ടായ ഏറ്റവും മാരകമായ ഭൂകമ്പമാണിത്. കഴിഞ്ഞ വർഷം ജൂണിൽ, റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്ന് അഫ്ഗാനിൽ 1000 ത്തിലധികം ആളുകൾ മരിക്കുകയും പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരാകുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ വടക്ക് കിഴക്കൻ അഫ്ഗാനിസ്ഥാനിലെ ജുർമിന് സമീപമുണ്ടായ ഭൂചലനത്തിലാകട്ടെ 13 പേർക്കാണ് ജീവൻ നഷ്ടമായത്.