മലപ്പുറം : മലപ്പുറം വളാഞ്ചേരിയിൽ നിപ സ്ഥിരീകരിച്ച 42കാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലുള്ള രോഗിക്ക് മോണോക്ളോണൽ ആന്റി ബോഡി നൽകിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 49 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ 45 പേർ ഹൈ റിസ്ക് കോൺടാക്ടിലുള്ളവരാണെന്നും മന്ത്രി പറഞ്ഞു. 12 പേർ കുടുംബാംഗങ്ങളാണ്. ആകെ ആറുപേർക്ക് രോഗലക്ഷണമുള്ളത്. ഇതിൽ അഞ്ചുപേർ മഞ്ചേരി മെഡിക്കല്‍ കോളജിൽ ചികിത്സയിലാണ്. ഒരാൾ എറണാകുളത്ത് ഐസൊലേഷനിൽ കഴിയുകയാണ്. രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിൾ എടുത്തതായും മന്ത്രി പറഞ്ഞു.