അടൂർ: പോക്സോ കേസിൽ പ്രതിക്ക് 45 വർഷം കഠിന തടവും രണ്ടര ലക്ഷം രൂപ പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി. അടൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അടൂർ പറക്കോട് വടക്ക് പുല്ലുംവിള അമ്പനാട്ട് എസ്.എസ് ഭവനിൽ സുധീഷിനെ (26)യാണ് ജഡ്ജി എ. സമീർ ശിക്ഷിച്ചത്. സുധീഷ് കേസിൽ ഒന്നാം പ്രതിയാണ്. പ്രതി കുട്ടിയെ ഉപദ്രവിച്ച വിവരം യഥാസമയം പൊലീസിൽ അറിയിച്ചില്ല എന്നതിനാൽ കുട്ടിയുടെ മാതാപിതാക്കൾ രണ്ടും മൂന്നും പ്രതികളുമാണ്.
കുട്ടി എൽ.കെ.ജിയിൽ പഠിക്കുമ്പോൾ 2019 നവംബറിലാണ് പീഡനമുണ്ടായത്. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്ത് വീട്ടിലാണ് പീഡനം നടന്നത്. അടൂർ എസ്.എച്ച്.ഒ ആയിരുന്ന ടി.ഡി. പ്രജീഷാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. രണ്ടാം പ്രതിയായ പിതാവിനെ ആറ് മാസം ശിക്ഷിച്ച് ജയിലിൽ കിടന്ന കാലാവധി വകവെച്ചും മാതാവിനെ ശാസിച്ചും കോടതി വിട്ടയച്ചു.
പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ സ്മിത പി. ജോൺ ഹാജരായ കേസിൽ വിവിധ വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടയ്ക്കാത്തപക്ഷം 30 മാസം കൂടി അധിക തടവ് അനുഭവിക്കണം. പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പിഴത്തുക അതിജീവിതക്ക് നൽകണമെന്നും, കുട്ടിയുടെ പുന:രധിവാസത്തിന് വേണ്ട എല്ലാ ചിലവുകളും നൽകാൻ ലീഗൽ സർവീസ് അതോറിറ്റിക്കുള്ള പ്രത്യേക നിർദ്ദേശവും വിധി ന്യായത്തിൽ പറയുന്നു.