പാറ്റ്ന: ഭാര്യാ മാതാവുമായുള്ള മദ്ധ്യവയസ്കന്റെ അവിഹിത ബന്ധം പുറത്തായതിന് പിന്നാലെ വിവാഹം നടത്തിക്കൊടുത്ത് ബന്ധുക്കളും നാട്ടുകാരും. തുടർന്ന് ഇരുവരും നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യുകയും ചെയ്തു. ബിഹാറിലാണ് കഴിഞ്ഞ ദിവസം ഇത്തരമൊരു വിവാഹം നടന്നതെന്ന് പ്രാദേശിക മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. സിക്കന്ദർ യാദവ് എന്ന 45 വയസുകാരനാണ് വിവാഹിതനായത്. രണ്ട് മക്കളുടെ പിതാവായ അദ്ദേഹം ഭാര്യയുടെ മരണ ശേഷം, അവരുടെ അച്ഛനും അമ്മയ്ക്കും ഒപ്പമായിരുന്നു താമസിച്ചു വന്നിരുന്നത്. ഇതിനിടെ സിക്കന്ദർ യാദവും അമ്മായിഅമ്മയായ ഗീതാ ദേവിയും (45) തമ്മിൽ ബന്ധം തുടങ്ങി. കുറച്ച് നാളുകൾക്ക് ശേഷം ഗീതാ ദേവിയുടെ ഭർത്താവ് ദിലേശ്വർ ദർവെ (55) ഇവരുടെ ബന്ധം കണ്ടുപിടിച്ചതോടെയാണ് കാര്യങ്ങൾ മാറിയത്. സൂചന ലഭിച്ചതിനെ തുടർന്ന് രഹസ്യമായി അന്വേഷിച്ചാണ് അദ്ദേഹം ഇക്കാര്യം കണ്ടുപിടിച്ചത്.
തന്റെ ഭാര്യയും മരുമകനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് ദിലേശ്വർ ഗ്രാമത്തിലെ പഞ്ചായത്തിനെ അറിയിച്ചു. ഗ്രാമത്തിലെ പ്രമുഖരും മറ്റ് അംഗങ്ങളും ഇക്കാര്യം ചോദിച്ചപ്പോൾ സിക്കന്ദർ തനിക്ക് അമ്മായിഅമ്മയുമായി ബന്ധമുണ്ടെന്ന് സമ്മതിച്ചു. ഇതിന് പിന്നാലെയാണ് ദിലേശ്വറും ഗ്രാമത്തിലെ പഞ്ചായത്തും ചേർന്ന് ഇവരുടെ വിവാഹം നടത്താൻ തീരുമാനിച്ചത്. ചടങ്ങുകൾക്ക് ദിലേശ്വർ തന്നെ മുൻകൈയെടുക്കുകയും ചെയ്തു.