തിരുവനന്തപുരം : കേള്‍വിക്കുറവ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്ത് 6.3 ശതമാനം ജനങ്ങള്‍ കേള്‍വിക്കുറവ് കൊണ്ടുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു ലക്ഷത്തില്‍ 453 പേര്‍ സാരമായ കേള്‍വി പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ട്. ‘എന്നെന്നും കേള്‍ക്കാനായ് കരുതലോടെ കേള്‍ക്കാം’ എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം. ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുന്ന കേള്‍വിക്കുറവിനെ ചികിത്സിക്കുകയും പ്രതിരോധിക്കാന്‍
കഴിയുന്ന കേള്‍വിക്കുറവിനെ യഥാസമയം പ്രതിരോധിക്കുകയും ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി.
കുട്ടികളിലെ കേള്‍വിക്കുറവ് എത്രയും നേരത്തെ കണ്ടുപിടിച്ച് ചികിത്സിച്ചില്ലെങ്കില്‍ അതവരുടെ സംസാരഭാഷ വികസനത്തെയും വ്യക്തിത്വ വികാസത്തെയും സാരമായി ബാധിക്കും. ഇതിനായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും നവജാത ശിശുക്കളിലെ കേള്‍വിക്കുറവ് കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ നടന്നുവരുന്നു. ഇങ്ങനെ കണ്ടുപിടിക്കുന്ന കുട്ടികള്‍ക്ക് കേള്‍വി സഹായിയുടെ ഉപയോഗത്തോടെ സംസാര പരിശീലനം നല്‍കുകയും ചെയ്യുന്നു. ആവശ്യമായവര്‍ക്ക് കോക്ലിയാര്‍ ഇംപ്ലാന്റേഷന്‍ പോലെയുള്ള സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി വേണ്ട സംസാരഭാഷാ പരിശീലനം സൗജന്യമായി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്തിവരുന്നു.
കേള്‍വിക്കുറവുളളവരില്‍ വലിയൊരു ശതമാനവും പ്രായാധിക്യം കൊണ്ടുള്ള കേള്‍വി കുറവാണ്. ഇത് വാര്‍ദ്ധക്യകാലത്തെ ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ആക്കം കൂട്ടുന്നു. ഇങ്ങനെയുള്ളവരില്‍ കേള്‍വിക്കുറവ് കണ്ടുപിടിച്ച് അതിനനുസൃതമായ ഇടപെടലുകള്‍ നടത്താനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. എല്ലാത്തരത്തിലുമുള്ള കേള്‍വി കുറവുകളും നേരത്തെ കണ്ടുപിടിച്ച് പരിഹരിക്കുന്നതിനായി ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള എല്ലാ ചികിത്സയ്ക്കുമുള്ള സൗകര്യങ്ങള്‍ കേരളത്തിലുടനീളം 67 ആശുപത്രികളില്‍ സജ്ജമാക്കിയിട്ടുണ്ട്. ശബ്ദമലിനീകരണവും മൊബൈലിന്റെയും ഹെഡ് സെറ്റിന്റെയും അമിത ഉപയോഗവും സാരമായ കേള്‍വിക്കുറവിന് കാരണമാകുന്നു. അതിനാല്‍ തന്നെ ബോധവത്ക്കരണവും വളരെ പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.