ലഖ്നൗ: എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പ്രണയലേഖനം നൽകി 47 കാരനായ അധ്യാപകൻ. ഉത്തർപ്രദേശിലെ കനൂജിലെ സ്കൂളിലെ പതിമൂന്ന് വയസ്സുകാരിയായ പെൺകുട്ടിക്കാണ് അധ്യാപകൻ പ്രണയ ലേഖനം നൽകിയതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ പറയുന്നു. ഒറ്റപേജിലെ പ്രണയലേഖനം വായിച്ചതിന് ശേഷം കീറിക്കളയണമെന്നും അധ്യാപകൻ കത്തിൽ ആവശ്യപ്പെടുന്നുണ്ട്. വിദ്യാർത്ഥി കത്ത് മാതാപിതാക്കളെ കാണിക്കുകയും രക്ഷിതാക്കൾ അധ്യാപകനെതിരെ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്. അവധിക്കാലത്ത് സ്കൂൾ പൂട്ടുന്നതിന്റെ തലേന്നാണ് അധ്യാപകൻ വിദ്യാർത്ഥിക്ക് പ്രേമലേഖനം നൽകിയത്.
പെൺകുട്ടിയുടെ രക്ഷിതാക്കൾ കത്തുമായി അധ്യാപകനെ സമീപിക്കുകയും ഇത്തരമൊരു പ്രവർത്തി ചെയ്തതിൽ ഖേദം പ്രകടിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അധ്യാപകൻ ഇക്കാര്യം തള്ളിക്കളയുക മാത്രമല്ല, പെൺകുട്ടിയുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ‘പെൺകുട്ടിയെ വളരെയധികം സ്നേഹിക്കുന്നുവെന്നും അവധി ദിവസങ്ങളിൽ അവളെ മിസ് ചെയ്യുമെന്നും’ അധ്യാപകൻ കത്തിൽ എഴുതിയിട്ടുണ്ട്. ‘അവധിക്കാലത്ത് അവസരം കിട്ടിയാൽ ഫോണിൽ വിളിക്കണ’മെന്നും ഇയാൾ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല വായിച്ച് കഴിഞ്ഞതിന് ശേഷം മറ്റാരെയും കാണിക്കാതെ കീറിക്കളയണമെന്നും ഇയാൾ പറയുന്നു.
കേസ് അന്വേഷിക്കുകയാണെന്നും അന്വേഷണം നടത്തി റിപ്പോർട്ട് പോലീസിന് നൽകാൻ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കനൗജ് എസ്പി കുൻവർ അനുപം സിംഗ് പറഞ്ഞു. “കത്തിലെ കൈയക്ഷരം അധ്യാപകന്റെ കൈയക്ഷരവുമായി സാമ്യമുണ്ടോയെന്ന് പരിശോധിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്” ബേസിക് ശിക്ഷാ അധികാരി കൗസ്തുഭ് സിംഗ് പറഞ്ഞു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.