ചെന്നൈ: വിമാനത്താവളത്തിൽ നിന്ന് അയ്യായിരത്തോളം ചുവന്ന ചെവിയുള്ള സ്ലൈഡർ കടലാമകളെ (red-eared slider turtle) പിടികൂടി. മലേഷ്യയിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ 4986 ചെഞ്ചെവിയൻ ആമകളെ പിടിച്ചെടുത്തത്. ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ഒരു പ്രത്യേക ഇനത്തിൽപ്പെട്ട ജീവിയെ വിമാനത്തിൽ കൊണ്ടുവരുന്നതായി എയർ ഇന്‍റലിജൻസ് യൂണിറ്റിന് (എഐയു) വിവരം ലഭിച്ചതോടെയായിരുന്നു പരിശോധന. ഇൻഡിഗോ എയർലൈൻസിന്‍റെ 6ഇ1032 വിമാനത്തിൽ ക്വാലാലംപൂരിൽ നിന്ന് എത്തിയ രണ്ട് യാത്രക്കാരെയാണ് തടഞ്ഞുവെച്ച് പരിശോധിച്ചത്. ബാഗിൽ 4967 പച്ച ആമകളെയും 19 ഇളം മഞ്ഞ നിറത്തിലുള്ള ആമകളെയും കണ്ടെത്തി.
ആമകളെ പരിശോധിക്കാൻ വന്യജീവി (ഡബ്ല്യുസിസിബി) ഉദ്യോഗസ്ഥരെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തി. ബാഗിലുണ്ടായിരുന്നത് റെഡ് ഇയർഡ് സ്ലൈഡർ ആമകളും ആൽബിനോ റെഡ് ഇയർഡ് സ്ലൈഡർ ആമകളുമാണെന്ന് തിരിച്ചറിഞ്ഞു. വിമാനത്താവളത്തിന് പുറത്ത് യാത്രക്കാരെ സ്വീകരിക്കാനെത്തിയ ആളെയും അറസ്റ്റ് ചെയ്തു. എന്തിനാണ് ഇത്രയധികം ആമകളെ കൊണ്ടുവന്നതെന്ന് കണ്ടെത്താൻ ഇവരെ ചോദ്യംചെയ്യുകയാണ്.
കാഴ്ചയിൽ ഭംഗിയുള്ള ഈ കടലാമകൾ ആഗോള തലത്തിൽ ഒരു അധിനിവേശ ജീവിയായി അറിയപ്പെടുന്നു. കാരണം അവ മറ്റ് ജീവജാലങ്ങൾക്ക് ഭീഷണിയാണ്. ഭക്ഷണത്തിന് ഇവ മറ്റ് ജീവികളുമായി മത്സരിക്കും. അതിവേഗത്തിൽ പെരുകുന്ന ഈ ആമകൾ മറ്റ് സസ്യ ജീവജാലങ്ങളെ ഇല്ലാതാക്കും. സാൽമൊണല്ല ബാക്ടീരിയ വാഹകരായ ഈ ആമകൾ മനുഷ്യരിൽ രോഗബാധയുണ്ടാക്കും. ചില രാജ്യങ്ങളിൽ ഇവയ്ക്ക് നിരോധനമുണ്ട്. കാണാൻ കൌതുകമുള്ളതിനാൽ ചിലർ ഇവയെ രഹസ്യമായി വളർത്താറുണ്ട്.