പട്ന∙ ബിഹാറിൽ രാമ കർമ്മ ഭൂമി ന്യാസ് ബക്സറിൽ സംഘടിപ്പിക്കുന്ന ഹിന്ദുമത സമ്മേളനം ബിജെപി – ആർഎസ്എസ് കർമ്മ പരിപാടികൾക്കു രൂപം നൽകും. തിങ്കളാഴ്ച ആരംഭിക്കുന്ന സമ്മേളനം ഒൻപതു ദിവസം നീണ്ടു നിൽക്കും. കേന്ദ്രമന്ത്രിയും ബിഹാർ ബിജെപി നേതൃനിരയിലെ തീവ്ര ഹിന്ദുത്വ നിലപാടുകാരനുമായ അശ്വനി കുമാർ ചൗബേയാണ് സമ്മേളനത്തിന്റെ സൂത്രധാരൻ. രാമ കർമ്മ ഭൂമി ന്യാസ് രക്ഷാധികാരിയുമാണ് ചൗബേ.
ജനതാദളു(യു)മായുള്ള ദീർഘകാല സഖ്യം കാരണം ബിഹാറിൽ ബിജെപി മൃദുഹിന്ദുത്വ സമീപനങ്ങളിൽ ഒതുങ്ങി നിൽക്കുകയായിരുന്നു. ജെഡിയു സഖ്യം വിട്ടതോടെ ബിഹാറിൽ ബിജെപിക്ക് യുപിയിലേതിനു സമാനമായ തീവ്ര നിലപാടുകൾ സ്വീകരിക്കാൻ അവസരമൊരുങ്ങുകയാണ്. ഹിന്ദു മത സമ്മേളനത്തിൽ എട്ടിന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് പങ്കെടുക്കും. സമാപന ദിവസമായ 15നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയാകും മുഖ്യാതിഥി. വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഗവർണർമാരും സമ്മേളനത്തിൽ പങ്കെടുക്കും. ഹിന്ദു മത നേതാക്കളും പ്രമുഖ സന്യാസിവര്യന്മാരും പ്രഭാഷണങ്ങൾ നടത്തും.