ബെംഗളൂരു∙ കര്‍ണാടകയിലെ വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദാക്കിയതിൽ രൂക്ഷ വിമർശനവുമായി ബിജെപി. പുതിയ മുസ്‍ലിം ലീഗെന്നാണു മല്ലികാർജുൻ ഖർഗെയുടെ നേതൃത്വത്തിലുള്ള കോൺഗ്രസിനെ ബിജെപി വിശേഷിപ്പിച്ചത്. കർണാടക മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മതപരിവർത്തന മാഫിയ സ്വാധീനിച്ചിരിക്കുകയാണെന്നു മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ബസനഗൗഡ ആർ.പാട്ടീൽ ട്വീറ്റ് ചെയ്തു.
‘‘കർണാടക മുഖ്യമന്ത്രിയുടെ ഹിന്ദുവിരുദ്ധ അജണ്ട വെളിപ്പെട്ടു. ഹിന്ദുക്കള്‍ ഇല്ലാതാവുന്നത് കാണാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്? മതപരിവർത്തന നിരോധന നിയമം പിൻവലിക്കാൻ സിദ്ധരാമയ്യയെയും അദ്ദേഹത്തിന്റെ മന്ത്രിസഭയെയും മതപരിവർത്തന മാഫിയ സ്വാധീനിച്ചിരിക്കുകയാണ്. രാഹുൽ ഗാന്ധി, ഇതാണോ സ്നേഹത്തിന്റെ കട’’– ബസനഗൗഡ ആർ.പാട്ടീൽ ട്വീറ്റ് ചെയ്തു. കോൺഗ്രസ് പുതിയ മുസ്‍ലിം ലീഗാണെന്നും ഹിന്ദുക്കളെ വേദനിപ്പിക്കാൻ അവർ ഏതറ്റംവരെയും പോകുമെന്നും ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി.രവി പറഞ്ഞു.
ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണു കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ നടപ്പാക്കിയ വിവാദ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമം പിൻവലിക്കാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചത്. നിര്‍ബന്ധിച്ചു മതംമാറ്റിക്കുന്നവര്‍ക്ക് 3 മുതല്‍ 10 വര്‍ഷം വരെ തടവും ലക്ഷം രൂപ വരെ പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമമാണിത്.