നാം നിത്യജീവിതത്തില്‍ നേരിടുന്ന പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുമുണ്ട്. ഇവയില്‍ പലതും നമ്മുടെ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നത് വഴി തന്നെ പരിഹരിക്കാൻ സാധിക്കുന്നവയാണ്. അത്തരത്തില്‍ ധാരാളം പേര്‍ പതിവായി പരാതിപ്പെടുന്നതാണ് മുടിയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍. ഇവയില്‍ മിക്കതും ജീവിതരീതികളില്‍, പ്രത്യേകിച്ച് ഭക്ഷണകാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നതോടെ തന്നെ പരിഹരിക്കാൻ സാധ്യമാണ്. മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും മുടിക്ക് അഴക്നല്‍കുന്നതിനും പതിവായി ചില ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുന്നത് സഹായിക്കും. അങ്ങനെയുള്ള പ്രോട്ടീൻ സമ്പന്നമായ അഞ്ച് ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.
1 ചീരയാണ് ഈ പട്ടികയില്‍ വരുന്ന ആദ്യത്തെ ഭക്ഷണം. വൈറ്റമിൻ- എ, വൈറ്റമിൻ- കെ, വൈറ്റമിൻ- സി എന്നിവയാലെല്ലാം സമ്പന്നമാണ് ചീര. ഇത് മുടി വളരുന്ന, തലയോട്ടിയിലെ ഹെയര്‍ ഫോളിക്കിളുകളുടെ ആരോഗ്യമാണ് മെച്ചപ്പെടുത്തുന്നത്.
2 കറുത്ത കസകസയും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ആന്‍റി-ഓക്സിഡന്‍റുകള്‍, ധാതുക്കള്‍ എന്നിവയാല്‍ സമ്പന്നമാണ് കറുത്ത കസകസ. ഇതും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
3 വെജിറ്റേറിയൻ പ്രോട്ടീനിന്‍റെ നല്ലൊരു സ്രോതസാണ് പയറുവര്‍ഗങ്ങള്‍. ഇതിന് പുറമെ ഫൈബര്‍, ഫോസ്ഫറസ്, ഫോളിക് ആസിഡ് എന്നിവയുടെയും സ്രോതസാണ് പയറുവര്‍ഗങ്ങള്‍. തലയോട്ടിയിലേക്ക് ഓക്സിജൻ എത്തിക്കുന്നത് വഴി പയറുവര്‍ഗങ്ങള്‍ മുടിയുടെ വളര്‍ച്ച കൂട്ടുന്നു.
4 സാല്‍മണ്‍ മത്സ്യവും മുടിയുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡ് തലയോട്ടിയുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നത് വഴിയാണ് മുടിക്കും പ്രയോജനപ്പെടുന്നത്.
5 മിക്ക ദിവസവും നാം കഴിക്കുന്നൊരു ഭക്ഷണമാണ് മുട്ട. ഇതും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നനതിന് നല്ലതാണ്. ഹെയര്‍ ഫോളിക്കിളുകളെ മെച്ചപ്പെടുത്തുന്നത് വഴി മുടി വളരാനാണ് ഇത് സഹായകമാകുന്നത്.